കൊച്ചി: ആകാംക്ഷയുടെ ആയുസ് നാളെ കെ.വി.തോമസ് വാർത്താസമ്മേളനം നടത്തുന്നത് വരെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സീറ്റ് നിഷേധിച്ചത് മുതൽ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന കെ.വി.തോമസ് നാളെ എന്തുപറയും? എൽഡിഎഫിലേക്ക് ചേക്കേറുമോ? ഇതുവരെയുള്ള ചോദ്യങ്ങൾക്ക് വരട്ടെ പറയാം എന്നായിരുന്നു മറുപടി. എന്തായിരിക്കും നേതാവിന്റെ മനസ്സിൽ? എന്തായിരിക്കും ആ രാഷ്ട്രീയ നീക്കം ? സിപിഎമ്മിന്റെ കണ്ണ് എറണാകുളം സീറ്റിലാണെന്ന് എല്ലാവർക്കും അറിയാം. എറണാകുളം ജില്ലാ കമ്മിറ്റി തോമസിന്റെ വരവിനെ സ്വാഗതം ചെയ്തിരിക്കുന്നു. കുമ്പളങ്ങിക്കാരന്റെ അടുപ്പക്കാർക്ക് പോലും അറിയില്ല, എന്താണ് സംഭവിക്കുകയെന്ന്. ശനിയാഴ്ച 11 മണിക്ക് വാർത്താസമ്മേളനം വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളുവെന്ന് അവരും പറയുന്നു. അതേസമയം, നിയമസഭാ സീറ്റിന് വേണ്ടിയുള്ള തന്ത്രപരമായ കളിയായാണ് ഇടത്-വലത് ക്യാമ്പുകൾ ഇതിനെ കാണുന്നത്.

തന്നെയോ മകൾ രേഖയോ സ്ഥാനാർത്ഥിയാക്കണം. അതല്ലെങ്കിൽ, അന്തസോടെ കൊണ്ടുനടക്കാവുന്ന പദവി. ഇതിന് വേണ്ടിയുള്ള വിലപേശലായും തോമസ് മാഷിന്റെ നീക്കത്തെ കാണുന്നവരുണ്ട്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം, പാർട്ടി ചാനലിന്റെയും മുഖപത്രത്തിന്റേയും ചുമതല അടക്കം ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത പദവികളോട് അദ്ദേഹം മുഖം തിരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിന് ബദലായി നിയമസഭാ സീറ്റ്, ഇതാണോ മാഷിന്റെ മനസ്സിൽ? അനുനയശ്രമങ്ങൾക്ക് പരിശ്രമിക്കുന്നവരോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങൾ പരക്കുന്നു.

സീറ്റ് നൽകി ഒത്തുതീർപ്പ് വേണ്ടെന്ന് കോൺഗ്രസ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ കെ.വി. തോമസിനെ ഒഴിവാക്കി കോൺഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ ഇടഞ്ഞ തോമസിന്റെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം സംശത്തോടെ വീക്ഷിച്ച് തുടങ്ങിയത്.
കേരള സന്ദർശനം നടത്തുന്ന അശോക് ഗഹ്ലോട്ടിനെ കാണാനായി കെ വി തോമസിനെ കേരള നേതാക്കൾ കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.

അതേസമയം കെ തോമസ് പാർട്ടിവിടുമെന്ന് കരുതുന്നില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കെ വി തോമസിനെ പോലെ സമുന്നതനായ നേതാവിനെ കോൺഗ്രസിനൊപ്പം നിർത്തണമെന്ന് മുന്മന്ത്രി കെ ബാബുവും പ്രതികരിച്ചു. എന്നാൽ, നിയമസഭാ സീറ്റ് നൽകി കെ വി. തോമസുമായി ഒരൊത്തുതീർപ്പിന് ഈ ഘട്ടത്തിൽ ഇല്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.

തോമസ് മാഷ് വരുന്നത് ഗുണം ചെയ്യുമെന്ന് എൽഡിഎഫ്

ക്രൈസ്തവസഭാ നേതൃത്വത്തോട് അടുത്ത ബന്ധം നിലനിർത്തുന്ന കെ വി തോമസ് എൽഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തിലാണ് എൽഡിഎഫ് നേതൃത്വം. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി കെ വി തോമസിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിനിടെ, എറണാകുളത്തെ സ്ഥാനാർത്ഥി നിർണയനീക്കങ്ങൾ സിപിഎം. വേഗത്തിലാക്കുകയാണ്.

പിണറായി വിജയനുമായി സമീപദിവസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചയിലും പാർട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് 'സുസ്വാഗതം' എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രഖ്യാപിച്ചത്. എന്നാൽ തോമസിന്റെ വരവിനെ സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല.എം എം ലോറൻസ് കെ വി തോമസിന് സീറ്റ് കൊടുക്കുന്നതിനെ ശക്തമായി എതിർക്കുന്നു. സിപിഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് വിട്ടുവീഴ്ചകൾക്ക് സിപിഎം. തയാറാണ്.

കഴിഞ്ഞകാലങ്ങളിൽ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്വതന്ത്രനായി മൽസരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോൺഗ്രസിൽനിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സിപിഎം. കണക്കുകൂട്ടുന്നു. ഹൈബി ഈഡൻ ജയിച്ച ഒഴിവിൽ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവിൽ ടി.ജെ. വിനോദിന് നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000-ത്തിൽ താഴെയായി കുറഞ്ഞു.

ഈ പശ്ചാത്തലത്തിൽ തോമസിനെ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സിപിഎമ്മും കണക്കുകൂട്ടുന്നത്. കോൺഗ്രസിന്റെ കൈവശമിരുന്ന കൊച്ചി സീറ്റ് കഴിഞ്ഞ തവണ കെ.ജെ. മാക്‌സിയിലൂടെ സിപിഎം. പിടിച്ചെടുത്തതാണ്. അതിനാൽ ഒരു ടേം കൂടി അദ്ദേഹം കൊച്ചിയിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ എറണാകുളം സീറ്റിലായിരിക്കും ഇടതുപക്ഷത്ത് എത്തിയാൽ തോമസിന് നൽകുക.