തിരുവനന്തപുരം: സ്വർണ്ണ കടത്തിന്റെ മറവിൽ നടന്ന റിവേഴ്‌സ് ഹവാലയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യ വിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ ശേഖരിച്ചത്. കള്ളപ്പണം സുരക്ഷിതമായി യു.എ.ഇയിൽ എത്തിക്കാൻ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ ലഭിച്ചിരുന്നു.

കോൺസുലേറ്റിലെ പണം ഇടപാടുകൾ നോക്കിയിരുന്നവരിൽ കാർപാലസ് ഉടമ അബ്ദുൾ ലത്തീഫിന്റെ സ്ഥാപനവും ഉണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ഈ സ്ഥാപനവുമായി അടുപ്പമുണ്ട്. ബംഗളൂരുവിൽ ഇഡി കസ്റ്റഡിയിലുള്ള ബിനീഷിനേയും ഈ വിഷയത്തിലും വിശദമായി ചോദ്യം ചെയ്യും. അതിനിടെ ഡോളർ കടത്ത് എം.ശിവശങ്കറിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌ന ഈ മൊഴി കേന്ദ്ര ഏജന്ഡസികൾക്ക് നൽകിയിട്ടുണ്ട്.

ജൂണിൽ വന്ദേഭാരത് വിമാനത്തിൽ അഞ്ച് വിദേശികൾക്ക് ദുബായിലേക്ക് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തിയെന്നാണ് കണ്ടെത്തൽ. ഇവർ സർക്കാർ പരിപാടികളിൽ അതിഥികളായി എത്തിയവരാണ്. പരിപാടികളുടെ ഏകോപനം സ്വപ്നയായിരുന്നു. അതിഥികൾക്ക് വിമാനത്താവളത്തിൽ പരിശോധനയില്ലാത്ത ഗ്രീൻചാനൽ അനുവദിച്ചിരുന്നു. ഇതിന് സാഹചര്യമൊരുക്കിയതും സ്വപ്‌നയുടെ ഇടപെടലായിരുന്നു.

നയതന്ത്ര പാഴ്‌സലുകളിൽ വിദേശ കറൻസി കേരളത്തിലെത്തിക്കുകയും ചെയ്തു. യു.എ.ഇ കോൺസുലേറ്റിന്റെ ജീവകാരുണ്യ അക്കൗണ്ടുകളിലൂടെ 140കോടി എത്തിച്ചു. ഇതിൽ ഒരു അക്കൗണ്ടിലെ 58 കോടിയിൽ നാലു കോടി മാത്രമാണ് ശേഷിക്കുന്നത്. ബാക്കി തുകയെല്ലാം ഹവാല ഇടപടായിരുന്നു എന്നാണ് സംശയം. ഹവാല ഇടപാടിലെ വമ്പൻ സ്രാവുകളുടെ പേരുകൾ വൈകാതെ പുറത്തുവരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട വമ്പന്മാരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനും മജിസ്ട്രേറ്റിനും രഹസ്യ മൊഴിയായി നൽകിയിട്ടുണ്ട്. ഇതിൽ മൂന്ന് മന്ത്രിമാരുടെ പേരുകളുണ്ടെന്നാണ് സൂചന.

ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രമുഖർ ഉൾപ്പെട്ട ഹവാല ഇടപാടിന്റെ ചുരുളഴിഞ്ഞത്. സ്വപ്നയുടെ മൊഴിയിൽ പറയുന്നവരെ കസ്റ്റംസ് സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മന്ത്രിമാർക്ക് പുറമെ, ഹവാല ഇടപാടിൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രമുഖ നടനും മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് സൂചന.

മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴി ചോർന്നാൽ പ്രതികളുടെ ജീവൻ അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇതോടെ കള്ളക്കടത്ത് സംഘവുമായുള്ള സംസ്ഥാന സർക്കാരിന്റെയും മന്ത്രിമാരുടെയും ബന്ധം മറനീക്കി പുറത്തുവരികയാണ്.