കൊച്ചി: ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈയെല്ല് അദ്ധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിയുടെ കൈയെല്ല് അദ്ധ്യാപിക അടിച്ചുപൊട്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തിൽ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം.

കഴിഞ്ഞ 17 നാണ് സംഭവം. കണക്ക് ക്ലാസിൽ ഉത്തരം തെറ്റിച്ചപ്പോൽ അദ്ധ്യാപിക ചൂരൽ ഉപയോഗിച്ച് പല തവണ കൈയിലും നെഞ്ചിലും തല്ലിയെന്നാണ് പരാതി. കൈക്കുഴയിൽ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരൽ പ്രയോഗിച്ചപ്പോഴാണ് എല്ല് പൊട്ടിയതെന്ന് വിദ്യാർത്ഥി പറയുന്നു.

ടീച്ചർ തല്ലിയ കാര്യം ഹെഡ്‌മിസ്ട്രസ് സമ്മതിക്കുന്നുണ്ട്. എന്നാൽ എല്ല് പൊട്ടുന്ന തരത്തിൽ തല്ലിയിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം പിടിഎ യോഗത്തിലേക്ക് അമ്മയേയും കുട്ടിയേയും വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചിരുന്നു. പൊലീസ് അന്വഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.