കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സമവാക്യങ്ങൾ പാടെ മാറിപ്പോയ മണ്ഡലങ്ങളിലൊന്നാണ് തലശേരി. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉരുക്കു കോട്ടകളിലൊന്നായ തലശേരിയിൽ അട്ടിമറി ഭീഷണിയിൽ ഭയക്കുന്നുവെങ്കിലും അടിയൊഴുക്കുകളെ തടയാൻ സിപിഎം ജാഗ്രതയിലാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ കാറ്റിന്റെ ഗതിവേഗം എന്നും തങ്ങളുടെ കോട്ടയായ തലശേരിയിൽ ഏൽക്കില്ലെന്ന വിശ്വാസത്തിലാണ് സിപിഎം. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് തലശേരിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന ആശങ്ക ചില സിപിഎം നേതാക്കൾ രഹസ്യമായി പങ്കു വയ്ക്കുന്നുമുണ്ട്.

തലശേരിയിൽ താൻ നടത്തിയ 1200 കോടിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് സിറ്റിങ് എംഎ‍ൽഎയായ എ.എൻ ഷംസീറിന്റെ ഉറച്ച വിശ്വാസം. തലശേരി മണ്ഡലത്തിലെ അൻപതു ശതമാനത്തിലധികം പേർ എൽ .ഡി എഫിന് വോട്ടു ചെയ്യുന്നവരാണെന്നും ബിജെപി വോട്ടുകൾ മുഴുവനായി യു.ഡി.എഫിന് ചെയ്താലും എൽ.ഡി.എഫ് ജയിക്കുമെന്നും ഷംസീർ ചുണ്ടിക്കാട്ടുന്നു.എന്നാൽ മണ്ഡലത്തിലെ അഴിയൊഴുക്ക് ഷംസീറിനെതിരെ തിരിയുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.

ഷംസീറിന്റെ താൻപോരിമയും മുഖം നോക്കാതെ തുറന്നടിക്കുന്ന സംസാരശൈലിയും പാർട്ടിക്കുള്ളിൽ തന്നെ ഏറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായാൽ കഴിഞ്ഞ തവണ നേടിയ മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭുരിപക്ഷം നിലനിർത്താനാവുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായ എംപി അരവിന്ദാക്ഷന്റെ പൊതു സ്വീകാര്യതയാണ് യു.ഡി.എഫിന് അനുകുലമായ ഘടകം. ഇടപെഴുകുന്നവരോട് സൗമ്യമായി പെരുമാറുന്ന അരവിന്ദാക്ഷൻ പൊതു വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്റെ സാന്നിധ്യമറിയിക്കാറുണ്ട്.

അഴിമതി ആരോപണങ്ങളോ മറ്റു ദുഷ്‌പേരോയില്ലാത്ത ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് തലശേരി മേഖലയിൽ അരവിന്ദാക്ഷൻ അറിയപ്പെടുന്നത്. മണ്ഡലത്തിൽ ഏറെ വേരുകളുള്ള എംപി അരവിന്ദാക്ഷൻ മുൻ നഗരസഭാ കൗൺസിലർ കൂടിയാണ്.ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായ സി ഒ .ടി നസീറാണ് തലശേരിയിൽ മത്സരിക്കുന്ന 'പ്രമുഖ സ്ഥാനാർത്ഥികളിലൊരാൾ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ബിജെപി നസീറിന് പിൻതുണ പ്രഖ്യാപിക്കാൻ തയ്യാറാണെങ്കിലും നസീർ നിരസിക്കുകയായിരുന്നു.ഇതോടെ തലശേരി മണ്ഡല'ത്തിൽ ബിജെപി വൻ പ്രതിസന്ധിയിലായിരിക്കുകയാണ്.