കണ്ണൂർ: മുസ്ലിംലീഗിലെ പിളർപ്പോലെ തളിപ്പറമ്പ് നഗരസഭാ ഭരണവും പ്രതിസന്ധിയിലായി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് തളിപ്പറമ്പ് മുനിസിപ്പൽ സമാന്തര കമ്മിറ്റി വന്നതോടെയാണ് നഗരസഭയിലെ യുഡിഎഫ് ഭരണവും തുലാസിലായത്. ലീഗിലെ വിമത വിഭാഗത്തെ കൂടെ നിർത്താൻ സിപിഎം അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതു ഫലം കാണുകയാണെങ്കിൽ മുസ് ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ തളിപ്പറമ്പ് നഗരസഭയും വീഴ്‌ത്താനാവുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

34 അംഗ ഭരണസമിതിൽ ലീഗിനുള്ള 15 അംഗങ്ങളിൽ ഏഴുപേരും വിമതപക്ഷത്താണ്. കോൺഗ്രസിന് നാല് അംഗങ്ങളാണുള്ളത്. ഏഴുപേർ പക്ഷം മാറുമ്പോൾ യുഡിഎഫ് അംഗസംഖ്യ പന്ത്രണ്ടായി ചുരുങ്ങും. 12 അംഗങ്ങളുള്ള സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപിക്ക് മൂന്ന് അംഗങ്ങൾ.

അവിശ്വാസപ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. 34ൽ 12 പേരുടെമാത്രം പിന്തുണ. ലീഗ് വിമതപക്ഷം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാൽപോലും യുഡിഎഫിന് ഭരണം നിലനിർത്തണമെങ്കിൽ ബിജെപി പിന്തുണ വേണ്ടിവരും.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം കെ ഷബിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി റജില, കൗൺസിലർമാരായ കെ എം മുഹമ്മദ്കുഞ്ഞി, ടി മുനീറ, എം സജ്‌ന, സി മുഹമ്മദ് സിറാജ്, സി നുബ്ല എന്നിവരാണ് സമാന്തര കമ്മിറ്റിയിലുള്ളത്. ഇവർ നേരത്തെ, ലീഗ് ഭരണസമിതിയുടെ ചില നിലപാടുകൾക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രത്യേക വിഭാഗമായി നിന്നിരുന്നു.ഇവരെ വലയിലാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.