പത്തനാപുരം: ബസിനുള്ളിൽ മോഷണം നടത്തുന്ന നാടോടി സംഘത്തിലെ രണ്ടു സ്ത്രീകൾ പിടിയിൽ. കൊല്ലം പത്തനാപുരത്താണ് കോയമ്പത്തൂർ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മിയും, നന്ദിനിയും പിടിയിലായത്. ബസ് യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സമാനമായ രീതിയിൽ മോഷണം നടത്തിയ ഇവരെ ബസിലെ യാത്രക്കാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൊട്ടാരക്കര കിഴക്കേതെരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിയുടെ പേഴ്സ് അപഹരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാർ ഇറങ്ങുന്ന സമയത്ത് യാത്രക്കാരിയായ സ്ത്രീയുടെ സാരിയിൽ ഒരാൾ കാലുകൊണ്ട് ചവിട്ടിപിടിച്ച് ശ്രദ്ധ തിരിച്ചു.

ഈ സമയം അടുത്തയാൾ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. മറ്റ് യാത്രക്കാരും വീട്ടമ്മയുടെ മകളും ചേർന്ന് മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മോഷണം കഴിഞ്ഞാലുടൻ ഇരുവരും ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി പുതിയ വസ്ത്രം ധരിക്കും. ഇതിനായി ധരിക്കുന്ന വസ്ത്രത്തിനടിയിൽ മറ്റൊരു നിറത്തിലുള്ള വസ്ത്രം കൂടി അണിഞ്ഞായിരുന്നു മോഷണത്തിനുള്ള യാത്രകളെന്നും പൊലീസ് പറയുന്നു. സമാനമായ ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നാണ് പത്തനാപുരം പൊലീസിന്റെ കണ്ടെത്തൽ.