കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച് വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടിൽ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകി(75)യാണ് ഒന്നിന് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് തെക്കുംഭാഗം പൊലിസ് കേസെടുത്തിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് കഴുത്തിൽ ബലം പ്രയോഗിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവകിയുടെ മകനായ രാജേഷും മരുമകൾ ശാന്തിനിയും പൊലിസിന്റെ പിടിയിലായത്. മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലിസ് ഒരാഴ്ചയിൽ അധികം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവുമായി സ്വത്ത് തർക്കത്തിലായിരുന്ന മകൻ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നവെന്ന് പൊലിസ് പറഞ്ഞു.

സ്വന്തമായി മിനി ബസും, ഓട്ടോയുമുള്ള രാജേഷിന്റെ അമ്മയുടെ പേരിൽ 10 സെന്റ് വസ്തുവും വീടുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴര സെന്റ് മകൻ രാജേഷ്, മകൾ ശശികലയ്ക്ക് രണ്ടര സെന്റും ധന നിശ്ചയ ആധാരം പ്രകാരം നൽകിയിരുന്നു. എന്നാൽ മകന്റെയും മരുമകളുടെയും ക്രൂരമായ പീഡനം സഹിക്കാതെ അമ്മ ദേവകി കളക്ടർക്ക് ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമാണം റദ്ദാക്കിയിരുന്നു.

സ്വത്ത് തർക്കത്തിൽ അമ്മ ദേവകിയുമായ ഉണ്ടായ പ്രശ്‌നമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള മാസങ്ങളായുള്ള ആലോചനയുടെ ഭാഗമായിരുന്നു കൊലപാതകം. അസ്വാഭാവിക മരണമെന്ന് പൊലീസിനെ അറിയിച്ചിരുന്നു മകൻ. പൊലീസ് നിരീക്ഷണത്തിൽ മൃതദേഹത്തിൽ ദേവകിയുടെ കൈകൾ കൂട്ടി കെട്ടിയ രീതിയിലായിലും വയർ വീർത്ത സാഹചര്യത്തിലുമായിരുന്നു. സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരുന്നു. റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഫെബ്രുവരി ഒന്നിന് നടന്ന മരണത്തിൽ അസ്വാഭാവികത തോന്നിയ തെക്കുംഭാഗം പൊലീസ് മകൻ രാജേഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് ഉച്ചയോട്കൂടി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. സ്വത്ത് തർക്കത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ഈ കുടുംബത്തിൽ വഴക്കും അടിയും സ്ഥിരമായിരുന്നുവെന്നും മരണം മുൻകൂട്ടി കണ്ട ദേവകി അപകട സാധ്യതയും മരണത്തെ കുറിച്ചും പേപ്പറിൽ എഴുതി കുപ്പിയിലാക്കി അയലത്തെ വീട്ടിൽ എറിഞ്ഞ് കൊടുത്തത് ദേവകിയുടെ മരണത്തിൽ നിർണായകമായതായി സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുരേഷ്‌കുമാർ മറുനാടനോട് പറഞ്ഞു.

കൊല്ലം മങ്ങാട് സ്വദേശിയായ മകൾ ശശികല അമ്മ മരണപ്പെട്ടതറിഞ്ഞപ്പോൾ തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു. കരുനാഗപ്പള്ളി എ.സി.പി കെ. സജീവിന്റെ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ആർ. രാജേഷ്‌കുമാർ, എസ്‌ഐമാരായ സുജാതൻപിള്ള.എം, പി.വി. വിജയകുമാർ, എഎസ്ഐമാരായ ഷാജിമോൻ, ശ്രീകുമാർ, സജികുമാർ, സന്തോഷ്, ഹരികൃഷ്ണൻ, സി.പി.ഒ നസീറ, സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുരേഷ്‌കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.