മുംബൈ: കോൺഗ്രസുമായുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്ത് യു.പി.എ എന്നായിരുന്നു മമതയുടെ മറു ചോദ്യം. യു.പി.എ സഖ്യം ഇപ്പോഴില്ലെന്നും മമത വ്യക്തമാക്കി.അതേസമയം ബംഗാളിന് പുറത്ത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് മമത.ഇതിന്റെ ഭാഗമായി എൻ.സി.പി നേതാവ് ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തി

ബംഗാളിനു പുറത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മമത മുംബൈയിലെത്തിയത്. എൻ.സി.പി, ശിവസേന നേതാക്കളുമായി അവർ ചർച്ച നടത്തുന്നുണ്ട്. നിലവിലെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ആരും പോരാടുന്നില്ലെന്നും ശക്തമായ ബദൽ സംവിധാനം ഉയർന്നുവരുന്നതിനുള്ള കൂടിയാലോചനകൾ നടക്കണമെന്നും അവർ വ്യക്തമാക്കി. അടുത്തിടെ നിരവധി കോൺഗ്രസ് നേതാക്കളാണ് തൃണമുൽ കോൺഗ്രസിൽ ചേർന്നത്.

ശരത് ജി മുതിർന്ന നേതാക്കളിലൊരാളാണ്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനാണ് ഇവിടെ വന്നത്. ശരത് പവാർ പറഞ്ഞതുമായി യോജിക്കുന്നു. യു.പി.എ സഖ്യം ഇപ്പോഴില്ല -മമത പറഞ്ഞു. ശക്തമായ ഒരു ബദൽ നേതൃത്വം ഉയർന്നുവരണമെന്ന് മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള എൻ.സി.പി നേതാവ് ശരത് പവാറും വ്യക്തമാക്കി.

ദേശീയതലത്തിൽ സമാന ചിന്താഗതിയുള്ള ശക്തികൾ ഒന്നിച്ച് ഒരു കൂട്ടായ നേതൃത്വം രൂപവത്കരിക്കണമെന്നാണ് മമതയുടെ ആഗ്രഹം. ഞങ്ങൾ ചിന്തിക്കുന്നത് ഇന്നത്തേക്ക് വേണ്ടിയല്ല, തെരഞ്ഞെടുപ്പിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.