തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിക്കും പിന്നാലെ ഫണ്ട് വിവാദത്തിനും ഇടയാക്കിയത് സംസ്ഥാന നേതൃത്വത്തിന്റെ ഭരണപരവും ധാർമികവുമായ വീഴ്ചയാണെന്നു ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സമിതി. ഇ.ശ്രീധരൻ, ജേക്കബ് തോമസ് ഐപിഎസ് (റിട്ട), സി.വി.ആനന്ദബോസ് എന്നിവർ വെവ്വേറ സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നതാണ്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം ശരിയായി നടന്നില്ല. ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ വീതംവയ്‌പ്പു നടത്തി. പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഫണ്ട് ആവശ്യത്തിനു ലഭിച്ചില്ല. ബി ക്ലാസ് മണ്ഡലങ്ങളിൽ പലതിലും സ്ഥാനാർത്ഥികൾ സജീവമായിരുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയെ താഴേത്തട്ടിൽ വളർത്താൻ ശ്രമം നടക്കുന്നില്ലെന്നും അധികാരം പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളായി പാർട്ടി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പോരാട്ടം ചെറുക്കാൻ കഴിയാത്തത് പാർട്ടിയുടെ വളർച്ചയെ ബാധിച്ചു. നേതാക്കൾ തമ്മിലുള്ള മത്സരത്തിനിടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം പല ജില്ലകളിലും നിർജീവമായി. യുവാക്കളെ പാർട്ടിയിലേക്കു ആകർഷിക്കാൻ കഴിയുന്നില്ല. കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ ആർജിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

നേമത്തെ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതോടെയാണ് കേന്ദ്ര നേതൃത്വം വീഴ്ചകളെക്കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. ഒരുഘട്ടത്തിൽ, കേരളത്തിൽ 10 സീറ്റുവരെ ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. കനത്ത പരാജയം നേരിട്ടതോടെ സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം വീണ്ടും കുറഞ്ഞു. പുറത്തു നിന്നെത്തിയ പ്രമുഖർ കാര്യങ്ങൾ വിലയിരുത്തട്ടെ എന്ന തീരുമാനത്തിലേക്കെത്തുന്നത് അങ്ങനെയാണ്.

പാർട്ടിക്കുള്ളിലെ ഭിന്നതകളാൽ കൃത്യമായ റിപ്പോർട്ടുകൾ സംസ്ഥാന തലത്തിൽനിന്ന് ലഭിക്കാത്തതിനെത്തുടർന്നാണ് അടുത്തിടെ പാർട്ടിയിലേക്കെത്തിയ മുൻ ഉദ്യോഗസ്ഥരെ കാര്യങ്ങൾ വിലയിരുത്താനായി ചുമതലപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു തീരുമാനം. അദ്ദേഹത്തിന്റെ ഓഫിസിനാണ് റിപ്പോർട്ട് കൈമാറിയതും. പാർട്ടിയിൽ നവാഗതരായ മൂന്നുപേരും റിപ്പോർട്ട് സമർപ്പിച്ചശേഷം, മാധ്യമ വാർത്തകളിലൂടെയാണ് സമിതിയെക്കുറിച്ച് സംസ്ഥാന നേതൃത്വം അറിയുന്നത്. സംസ്ഥാന നേതാക്കളുൾപ്പെടുന്ന പതിവു സമിതിക്കു പകരമായി മൂന്നംഗ സമിതി രൂപീകരിച്ചത് പാർട്ടി നേതൃത്വത്തിനു നാണക്കേടായി.

അതേ സമയം കുഴൽപണകടത്ത്, പണമിടപാട് ആരോപണങ്ങളിൽ കടുത്ത പ്രതിരോധത്തിലായിട്ടും ഗ്രൂപ്പുതിരിഞ്ഞ് ആരോപണ പ്രത്യാരോപണം നടത്തുന്ന സംസ്ഥാനത്തെ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം താക്കീതും മുന്നറിയിപ്പും നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമാക്കി പൊലീസ് നടത്തുന്നത് സിപിഎമ്മിന്റെ നീക്കമായാണു നേതൃത്വം കാണുന്നത്. കേരളത്തിൽ സംഘടനയുടെ വളർച്ച തടയുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനായി പൊലീസിനെ ഉപയോഗിച്ച് കേസ് വലിച്ചുനീട്ടുമെന്നും വിലയിരുത്തുന്നു.

വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ആരോപണങ്ങൾ ഗ്രൂപ്പുകളിക്കുള്ള അവസരമാക്കിയെടുത്താൽ സംഘടനയ്ക്ക് അതിന്റെ വഴി തേടേണ്ടിവരുമെന്നു ദേശീയ സംഘടനാ നേതാക്കൾ ബന്ധപ്പെട്ട ഗ്രൂപ്പുനേതാക്കൾക്കു മുന്നറിയിപ്പു നൽകിയതായാണു വിവരം. തിരഞ്ഞെടുപ്പു പ്രചാരണത്തിലെ പാളിച്ചകൾ സ്വയം വിലയിരുത്തി രാഷ്ട്രീയവും നിയമപരവുമായിതന്നെ ആരോപണത്തെ കടുകിടവിടാതെ നേരിടണമെന്നും ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്ന സംസ്ഥാനത്തെ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഗ്രൂപ്പു പ്രശ്‌നത്തിൽ കൊച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ ശ്രമിച്ച ഒരു പ്രധാന സംസ്ഥാന നേതാവിനെ പാർട്ടി കേന്ദ്ര കമ്മിറ്റി ഒാഫിസിൽനിന്നു വിളിച്ച് യോഗത്തിൽ എത്തിച്ചതായാണ് സൂചന. ഗ്രൂപ്പു നേതാക്കളിൽ ചിലർ നേരത്തേ ഒന്നിച്ചുകൂടി കുഴൽപണ ആരോപണ കാര്യങ്ങൾ ചർച്ച ചെയ്തതായാണു ദേശീയ നേതൃത്വത്തിനുള്ള വിവരം. കേന്ദ്രമന്ത്രി മുരളീധരനൊപ്പമുള്ള സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള വിഭാഗം സംഘടനാ കാര്യങ്ങളിൽ തങ്ങളെ അടുപ്പിക്കാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നതായി മറുപക്ഷം കുറ്റപ്പെടുത്തുന്നു.

ഈ രീതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് അവരുടെ ആരോപണം. യോഗ വിവരങ്ങൾ അപ്പപ്പോൾ ചോർത്തി നൽകുന്നുവെന്നു പരാതിയുള്ളതിനാൽ നേതാക്കളുടെ മൊബൈൽ ഫോണുകൾ ഒാഫാക്കിയായിരുന്നു യോഗം. കുഴൽപണ കേസിൽ ആരോപണം ഉയർന്നതു മുതൽ അതിനെ ശക്തമായി നേരിടണമായിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ കോർ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. പ്രശ്‌നങ്ങൾ പരസ്പരം ചർച്ച ചെയ്യാത്തതിന്റെ കുഴപ്പമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച തർക്കത്തിലെത്തുമെന്ന സ്ഥിതിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ ഇടപെട്ടു. പിന്നീട് നടന്ന ചർച്ചയിൽ പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയുടെ വീഴ്ചകൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ സ്വീകരിച്ച സമീപനവും രണ്ടു മണ്ഡലത്തിൽ നാമനിർദേശ പത്രിക തള്ളാനുണ്ടായ സാഹചര്യങ്ങളും ഉൾപ്പെടെ നിരത്തിയായിരുന്നു ചോദ്യങ്ങൾ. കേന്ദ്രസർക്കാർ നടത്തുന്ന സ്വർണക്കടത്തുകേസ് അടക്കമുള്ള അന്വേഷണത്തിന്റെ വൈരാഗ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചേർന്ന് ബിജെപിക്കെതിരെ നടത്തുന്ന നീക്കങ്ങൾ എളുപ്പത്തിലാക്കുന്നതാണു കൊടകര കുഴൽപണ ആരോപണവും മഞ്ചേശ്വരത്ത് എതിർ സ്ഥാനാർത്ഥിയെ ഒഴിവാക്കാൻ പണം കൊടുത്തുവെന്ന ആരോപണമെന്നും ചർച്ചയിൽ ഉയർന്നുവന്നു.

ഇരുമുന്നണികളെ നേരിട്ടുവേണം മുന്നോട്ടുപോകാൻ. മാധ്യമങ്ങളിൽ വലിയൊരു വിഭാഗം സിപിഎം, കോൺഗ്രസ് പക്ഷം മാത്രം ചേർന്ന് പ്രചാരണം നടത്തുന്നുവന്ന് ചിലർ കുറ്റപ്പെടുത്തിയപ്പോൾ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെയുള്ള പ്രചാരണങ്ങൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാനുമാണ് നിർദേശമുണ്ടായത്. സർക്കാരിന്റെ രാഷ്ട്രീയ പക വീട്ടൽ നടപടികൾ തുറന്നുകാണിക്കുന്ന പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകി. അടുത്ത ദിവസം ബൂത്ത്, പഞ്ചായത്ത് തലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധചട്ടം പാലിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിക്കും. എല്ലാ മുതിർന്ന നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു നേതൃത്വം നൽകും.

കോർ കമ്മിറ്റിയുടെ തുടർച്ചയായി, വൈകിട്ടു നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന നേതാക്കളുടെയും ഒാൺലൈൻ യോഗത്തിൽ ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തില്ല. അവർ സംഘടനയുടെ മറ്റു ചില ചർച്ചകളിൽ പങ്കെടുക്കുന്നതായാണ് നേതൃത്വത്തിന്റെ വിശദീകരണം. സംഘ പരിവാറിനെയും ബിജെപിയെയും അടിച്ചമർത്താനുള്ള സിപിഎം നടപടികളെ ശക്തമായി നേരിടാനാണ് യോഗ തീരുമാനം. ഇത്തരം സന്ദർഭങ്ങളിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന ചരിത്രമാണ് സംഘടനയ്ക്കുള്ളതെന്നു മുതിർന്ന നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.