കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്കുള്ള പ്രവർത്തകരുടെ തിരിച്ചുപോക്ക് തുടരുന്നു. തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തിയ 300 പേരെ തൃണമൂൽ തിരിച്ചെടുത്തു. ഗംഗാ ജലം തളിച്ചതിന് ശേഷമാണ് ഇവരെ തിരികെയെടുത്തത്.

ബിജെപിയിൽ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാനാണ് പുണ്യജലം തളിച്ചതെന്ന് തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പറഞ്ഞു. ബിജെപി അവരുടെ വർഗീയ വിഷചിന്തകൾ പ്രവർത്തകരുടെ മനസിൽ കുത്തി വച്ചിട്ടുണ്ടാകുെമന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വന്നാൽ ഗ്രാമങ്ങളിൽ വികസനം ഉണ്ടാകുമെന്ന് വിശ്വസിച്ചാണ് അവർക്കൊപ്പം പോയതെന്നും എന്നാൽ അത് തെറ്റായിരുന്നുവെന്നും തിരിച്ചെത്തിയ പ്രവർത്തകർ പറഞ്ഞു. എന്നാൽ ഇതൊക്കെ തൃണൂലിന്റെ നാടകമാണെന്നും ബിജെപി പ്രവർത്തകരെ തൃണമൂൽ നിർബന്ധിച്ച് തങ്ങളുടെ പക്ഷത്താക്കുകയുമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും ദിവസങ്ങൾക്ക് മുൻപ്് തൃണമൂലിൽ തിരിച്ചെത്തിയിരുന്നു. ഇവരുടെ പാത പിന്തുടർന്ന് രജീബ് ബാനർജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ പോയതിന് പരസ്യമായി മാപ്പ് അപേക്ഷിച്ച് ഓട്ടോറിക്ഷയിൽ അനൗൺസ്മെന്റ് നടത്തിയ സംഭവവുമുണ്ടായി.