പാലക്കാട്: തൃത്താലയിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് റിപ്പോർട്ടുകൾ. ഇതിലൊരാൾ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൻ. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയച്ചതിന് പിന്നിൽ ഈ ബന്ധമാണെന്നാണ് സൂചന.

ഉന്നത ബന്ധങ്ങളുടെ പേരിലാണ് അന്വേഷണം മുന്നോട്ട് പോകാതിരിക്കുന്നത്. അതിനെ തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ അന്വേഷണം കുറ്റമറ്റതാക്കണമെന്ന ആവശ്യവുമായി സ്പീക്കറും സ്ഥലം എംഎൽഎയുമായ എംബി രാജേഷിനെയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയേയും കണ്ടത്.

അതേസമയം, ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി. ഏത് ഉന്നതനായാലും കുറ്റവാളികളെ പിടികൂടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നാണ് സിപിഎം പറയുന്നത്. കഴിഞ്ഞമാസം നാലിനാണ് തൃത്താല പീഡനക്കേസിലെ പ്രതി അഭിലാഷ് പെൺകുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലു ദിവസത്തിന് ശേഷം തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ കേസെടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു. സംഘം ഹോട്ടലിൽ ഉണ്ടായിരുന്ന സമയം തൃത്താല പൊലീസ് എത്തിയെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.

പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിക്ക് വഴങ്ങി ഏറ്റവുമൊടുവിൽ പെൺകുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെൺ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാൽ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലിൽ മുറിയിൽ അഭിലാഷും പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ മുറിയിൽ ലഹരി പാർട്ടി നടന്നിരുന്നു. അഭിലാഷിന്റെ ഒമ്പത് സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാർട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നൽകി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു.

ഡി ജെ മുസ്തഫ, മുനീർ, ശ്രീജിത്ത്, പ്രണോയ്, സുഹൈർ, അമീൻ, അക്‌ബർ സുൽത്താൻ എന്നിവർ ലഹരിപാർട്ടിക്കായി മുറിയിൽ വന്നുപോയിരുന്നതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളിൽ ചിലർ നിരീക്ഷണത്തിലുമുണ്ട്. തെളിവുകൾ ശേഖരിക്കുന്ന മുറയ്ക്ക് തുടർ നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.