പത്തനംതിട്ട: മകൾ അതിക്രൂരമായി കൊല ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഈ മാതാപിതാക്കളുടെ കണ്ണീർ ആരുഒ കാണും? മുഖ്യമന്ത്രി മുതൽ ജില്ലാ പൊലീസ് മേധാവി വരെ നൽകിയത് നിരവധി പരാതികൾ. ആത്മഹത്യയെന്ന് എഴുതി ലോക്കൽ പൊലീസ് ഫയൽ മടക്കി. ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് മാസങ്ങൾ ആയിട്ടും ഒരാൾ പോലും അന്വേഷണത്തിനായി ആ വഴി വന്നില്ല. അതിക്രൂരമായ ശാരീരിക മാനസിക പീഡനം മൂലം മകൾ മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കൾ നെഞ്ചുരുകി കരയുമ്പോൾ നാട്ടിലൂടെ നെഞ്ചുവിരിച്ച് നടക്കുകയാണ് പ്രതിയെന്ന് കരുതുന്ന കാമുകൻ.

കോട്ടാങ്ങൽ ചുങ്കപ്പാറ വായ്പൂര് സ്വദേശി മൈക്കിളിന്റെ മകൾ ടിഞ്ചുവിന്റെ മരണത്തിലെ ദുരൂഹതയാണ് നീങ്ങാനുള്ളത്. 2019 ഡിസംബർ 15 ന് വൈകിട്ട് അഞ്ചു മണിയോടെ കാമുകനായ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫിന്റെ വീട്ടിലാണ് തൂങ്ങിയ നിലയിൽ ടിഞ്ചുവിന്റെ മൃതദേഹം കണ്ടത്. ബിഎസ്സി നഴ്സായിരുന്ന ടിഞ്ചു അപ്പോളോ ആശുപത്രിയിലും തിരുവല്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്തിരുന്നു. 2017 മെയ്‌ എട്ടിന് കുളത്തൂർ സ്വദേശിയുമായി ടിഞ്ചുവിന്റെ വിവാഹം നടന്നു. ഭർത്താവിന് വിദേശത്തായിരുന്നു ജോലി. ഇവർക്ക് കുട്ടികൾ ഇല്ല.

ടിഞ്ചുവിനെ വിവാഹം കഴിക്കാൻ കാമുകനായ ടിജിൻ ആലോചിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ അനുവദിച്ചില്ല. പഠന കാലത്ത് തന്നെ ടിജിനുമായി പ്രണയത്തിലായിരുന്ന ടിഞ്ചു വിവാഹ ശേഷവും അത് തുടർന്നു. ടിജിൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തു വരുമ്പോൾ 2019 ജൂലൈ ഒമ്പതിന് മകൾ ടിജിനുമായി അയാളുടെ വീട്ടിൽ താമസമാക്കിയെന്ന് മാതാപിതാക്കളായ മൈക്കിളും ദീപയും പറയുന്നു. ആദ്യ ഭാര്യയെ ക്രൂരമായി മർദിച്ച് ഒഴിവാക്കിയ ശേഷമാണ് ടിഞ്ചുവിനെ കൂട്ടിക്കൊണ്ട്

ടിജിൻ വീട്ടിലേക്ക് പോയത്. അഞ്ചു മാസമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. ഈ കാലയളവിലൊന്നും മാതാപിതാക്കളെ വിളിക്കാൻ ടിഞ്ചുവിനെ ടിജിൻ അനുവദിച്ചിരുന്നില്ലെന്ന് പറയുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഡിസംബർ 15 ന് മകൾ തൂങ്ങി മരിച്ചതായി അവിടുത്തെ വാർഡ് മെമ്പർ മാതാപിതാക്കളെ വിളിച്ച് അറിയിച്ചത്. ടിജിന്റെ വീട്ടിൽ ചെല്ലുമ്പോൾ കാലുകൾ നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 53 മുറിവുകളും കുറേ ചതവുകളും ഉള്ളതായി പറയുന്നു. ജനനേന്ദ്രിയത്തിൽ ആറു മുറിവും ഉണ്ട്. ഇതെല്ലാം ക്രൂരമായ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.

പെരുമ്പെട്ടി പൊലീസ് ആത്മഹത്യയ്ക്ക് മാത്രമാണ് കേസെടുത്തത്. കൊലപാതകമായിട്ടു കൂടി ആത്മഹത്യ എന്ന നിലയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രേരണാ കുറ്റം പോലും ടിജിന് മേൽ ചുമത്താൻ പെരുമ്പെട്ടി പൊലീസ് തയാറായില്ല. ഇൻസ്പെക്ടറായിരുന്ന അനിൽ റാവുത്തർ കേസിന്റെ അന്വേഷണം ഒരു എസ്ഐയെ ഏൽപ്പിച്ചു. അദ്ദേഹം ശരിയായ രീതിയിലായിരുന്നു അന്വേഷണം നടത്തിയതെന്ന് ടിഞ്ചുവിന്റെ മാതാപിതാക്കൾ പറയുന്നു. ജനനേന്ദ്രിയത്തിലെ മുറിവുകൾ തന്നെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടാണ് ടിഞ്ചു മരിച്ചതെന്നതിന് തെളിവായിരുന്നു.

ടിജിനെ വിളിച്ചു വരുത്തി എസ്ഐ ചോദ്യം ചെയ്തു. അതിന്റെ പേരിൽ പൊലീസ് മർദനം ആരോപിച്ച് എസ്ഐക്കെതിരേ കേസ് കൊടുക്കുകയാണ് ടിജിൻ ചെയ്തത്. കോട്ടയം സ്വദേശിയായ, ഉന്നത പാർട്ടി ബന്ധങ്ങളുള്ള അഭിഭാഷകനാണ് കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയതെന്ന് മൈക്കിൾ പറഞ്ഞു. ഇൻസ്പെക്ടറായിരുന്ന അനിൽ റാവുത്തർ അതിന് കൂട്ടു നിന്നു. ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് വന്നപ്പോൾ മാതാപിതാക്കൾ എസ്‌പിയായിരുന്ന കെജി സൈമണിനെ കണ്ട് പരാതി സമർപ്പിച്ചു. അദ്ദേഹം അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായ ആർ. സുധാകരൻ പിള്ളയെ ഏൽപ്പിച്ചു.

ഇതു വരെ ഡിവൈഎസ്‌പി കേസ് അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഫോറൻസിക് റിപ്പോർട്ട് അടക്കം കിട്ടാനുണ്ട്. അതേപ്പറ്റി അന്വേഷിക്കാൻ ഡിവൈഎസ്‌പിയെ വിളിച്ചപ്പോൾ തന്നോട് തട്ടിക്കയറിയെന്ന് മൈക്കിൾ പറഞ്ഞു. മുഖ്യമന്ത്രി മുതൽ താഴേക്ക് നിരവധി അധികാര സ്ഥാനങ്ങളിൽ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. കോടതിയിൽ കേസിന് പോകാൻ തക്ക സാമ്പത്തിക സ്ഥിതി തങ്ങൾക്കില്ല. മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് ടിജിനും പിതാവ് ഔസേപ്പും ചേർന്നാണ്. ഇവർ തങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നാട്ടിൽ നടക്കുന്നു. ഇനി മുട്ടാൻ വാതിലുകൾ ഇല്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് മൈക്കിളും ദീപയും പറയുന്നു.