പത്തനംതിട്ട: ദേവസ്വം ബോർഡിന്റെ അത്യാർത്തി ശബരിമലയിൽ കോവിഡ് അതിവേഗം വ്യാപിക്കുവാൻ കാരണമാകുന്നു. പൊലീസുകാർക്കും ദേവസ്വം ജീവനക്കാർക്കുമിടയിൽ രോഗവ്യാപനം വർധിക്കുമ്പോഴും പ്രതിദിന തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ആവശ്യമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ശബരിമലയിലെ കോവിഡ് വ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. സർക്കാരും ആരോഗ്യവകുപ്പും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞിട്ടും വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. അങ്ങനെ തന്നെ തുടരാനാണ് ഇവർക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശവുമെന്ന് അറിയുന്നു.

ഏറ്റവുമധികം രോഗബാധ പൊലീസുകാർക്ക് ഇടയിലാണ്. ആദ്യഘട്ട സേവനം കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് വീട്ടിലെത്തിയതിന് പിന്നാലെ രോഗം സ്ഥിരീകരിച്ചു. കൊല്ലം സിറ്റിയിൽ നിന്നുള്ള 29 പൊലീസുകാർക്ക് ഒറ്റയടിക്ക് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച സന്നിധാനത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ 36 പേർക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതിൽ 18 പേരും പൊലീസുകാരാണ്.

പൊലീസുകാരിലും മെസ് ജീവനക്കാർക്കും രോഗം ബാധിച്ചതിനാൽ പമ്പയിലെ പൊലീസ് ക്യാമ്പ് നേരത്തേ അടച്ചിരുന്നു. നിലയ്ക്കലിലെ പൊലീസ് മെസിൽ നാലു ക്യാമ്പ് ഫോളോവർമാർക്ക് രോഗം സ്ഥിരീകരിച്ചു. നിലയ്ക്കലിൽ നിന്നാണ് പമ്പയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കും ഭക്ഷണം എത്തിച്ചിരുന്നത്. ഇന്നലെയും മിനിഞ്ഞാന്നുമായി നിലയ്ക്കലിൽ പൊലീസ് മെസ് ഓഫീസറും ക്യാമ്പ് ഫോളോവേഴ്സിനുമായി ആറോളം പേർക്ക് കോവിഡ് പോസിറ്റീവായി. ഇനി ഇവിടെ ഭക്ഷണം തയാറാക്കാൻ രോഗം ബാധിക്കാത്തതായി ഒരാൾ മാത്രമാണുള്ളത്.

സന്നിധാനത്ത് തിരുമുറ്റത്ത് ജോലി ചെയ്തിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭക്തരിൽ നിന്ന് നെയ്തേങ്ങ വാങ്ങുന്ന ഭാഗത്തെ തിരക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനും കൊടിമരത്തിന് മുന്നിൽ ജോലി നോക്കിയ ഉദ്യോഗസ്ഥനും ആണ് രോഗംസ്ഥിരീകരിച്ചത്. സന്നിധാനത്ത് വ്യാഴാഴ്‌ച്ച ആറ് പൊലീസ് ഉദ്യോഗസ്ഥർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ സന്നിധാനത്ത് ഇരുന്നൂറ്റമ്പതോളം പേരെ പരിശോധിച്ചപ്പോഴാണ് 36 പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്.

തീർത്ഥാടകരിൽ രോഗം കണ്ടെത്തുന്നത് കുറവാണ്. പരിശോധന കുറയുന്നതാണ് ഇതിന് കാരണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണ് തീർത്ഥാടകരിൽ ഏറെയും. ഇത്തരം സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ നിലവിൽ ഇവിടെ സംവിധാനങ്ങളില്ല. തമിഴ്‌നാട്ടിലും മറ്റും വിർച്വൽ ക്യൂ ബുക്കിങിന്റെ പേരിൽ വൻ കൊള്ളയടി നടക്കുന്നുണ്ട്. 7000 രൂപ വരെയാണ് ഫീസിനത്തിൽ കമ്പ്യൂട്ടർ സെന്ററുകൾ തീർത്ഥാടകരിൽ നിന്ന് ഈടാക്കുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവർ ദർശനം മുടങ്ങാതിരിക്കാൻ വേണ്ടി അവിടെ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരികയാണ്.

ഇത് ശരിക്കും പരിശോധന നടത്തി വാങ്ങിയതാണോ അതോ പണം നൽകി സംഘടിപ്പിച്ചതാണോ എന്ന് അറിയാൻ ഇവിടെ സംവിധാനങ്ങളൊന്നും തന്നെയില്ല. സന്നിധാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് പത്തനംതിട്ട ജില്ലയുടെ പ്രതിദിന കണക്കിലും പ്രതിഫലിക്കുന്നുണ്ട്. ഇതരസംസ്ഥാനത്ത് നിന്ന് വരുന്നവരുടേതടക്കം പോസിറ്റീവായാൽ പത്തനംതിട്ടയുടെ കണക്കിലാണ് ഉൾപ്പെടുത്തുന്നത്. വെള്ളിയാഴ്ച 379, ഇന്നലെ 333 എന്നിങ്ങനെയാണ് ജില്ലയുടെ കണക്ക്.

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കഴിഞ്ഞയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോൾ വീട്ടിലാണുള്ളത്. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന മറ്റു ജീവനക്കാർക്കും രോഗം ബാധിച്ചിരുന്നു. ഇതൊന്നും പുറംലോകത്തെ അറിയിക്കാതെയാണ് ദർശനത്തിന് കൂടുതൽ ആളുകളെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 10,000 ആക്കണമെന്നായിരുന്നു ബോർഡിന്റെ നിർദ്ദേശം. സർക്കാർ ഈ നിർദ്ദേശം അനുഭാവപൂർവം പരിഗണിച്ചു. സാധാരണ ദിവസങ്ങളിൽ രണ്ടായിരവും ശനിയും ഞായറും പൊതു അവധി ദിവസവും മൂവായിരവും തീർത്ഥാടകർക്ക് ദർശനം നടത്താൻ അനുമതിയും നൽകി.

15 ന് ശേഷം വീണ്ടും ഉന്നതാധികാര സമിതി യോഗം ചേർന്ന് ഇനിയും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാനാണ് സാധ്യത. മണ്ഡലപൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ എണ്ണം അയ്യായിരത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ ബോർഡ് സർക്കാരിനെ നിർബന്ധിക്കുന്നത്. ഇത് സത്യത്തിൽ വലിയ വിപത്ത് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ശബരിമലയിലെ രോഗബാധ ഏറ്റവുമധികം ബാധിക്കുന്നത് പൊലീസ് സേനയെ ആയിട്ടു കൂടി ആ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾ പോലും വേണ്ട തരത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് സൂചന.