കൊൽക്കത്ത: കോവിഡ് മഹാമാരി ജനങ്ങളിൽ ഭീതി പടർത്തുമ്പോഴും അതിന്റെ പേരിൽ നടക്കുന്ന അനീതിക്കും ചൂഷണങ്ങൾക്കും ഒരു കുറവുമില്ല. ആശുപത്രിയിൽ കോവിഡ് വാർഡിൽ വ്യാപകമാകുന്ന മോഷണങ്ങൾ, വനിതകൾ ഉൾപ്പടെയുള്ള കൂട്ടിരിപ്പുകാർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ,ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള കൈയേറ്റങ്ങൾ തുടങ്ങി കോവിന്റെ പേരിൽപ്പോലും നടക്കുന്ന പലവിധ ചൂഷണങ്ങൾ ദിനംപ്രതി വാർത്തകളായി നമുക്ക് മുൻപിൽ എത്തുന്നുണ്ട്.അക്കൂട്ടത്തിലേക്ക് ഇതാ കുറച്ചുകൂടി ഗൗരവതരമായ ഒരു കാര്യമെത്തിയിരിക്കുന്നു. വാക്‌സിനേഷന്റെ പേരിൽ നടത്തുന്ന വ്യാജക്യാമ്പുകളും കുത്തിവെപ്പുകളുമാണ് പുതിയ തലവേദനയാകുന്നത്.കൊൽക്കത്തയിലാണ് സംഭവം നടന്നതെങ്കിലും സമാനരീതിയിലുള്ള സംഘങ്ങൾ രാജ്യത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ ഉണ്ടായേക്കാമെന്ന കണക്കൂകുട്ടലിലാണ് ആരോഗ്യപ്രവർത്തകരും പൊലീസും.

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വ്യാജ കോവിഡ് വാക്‌സിനേഷൻ ക്യാംപിൽനിന്നു കുത്തിവയ്പു നടത്തിയ ചലച്ചിത്രതാരവും എംപിയുമായ മിമി ചക്രവർത്തി അസുഖ ബാധിതയായി. 'വാകിസിനേഷൻ' കഴിഞ്ഞു നാലു ദിവസത്തിനു ശേഷമാണ് എംപി രോഗബാധിയായത്. കടുത്ത വയറുവേദന അനുഭവപ്പെട്ട എംപിയോട് ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർമാർ ഉപദേശിച്ചെങ്കിലും അവർ വീട്ടിൽ തുടരുകയാണ്.വ്യാജ ക്യാംപിൽ നിന്നു പിടിച്ചെടുത്ത വാക്‌സീന്റെ പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ വ്യാജവാക്‌സിനാണോ മിമി ചക്രവർത്തിയുടെ അസുഖത്തിന് കാരണമെന്ന് വ്യക്തമല്ല.

വാക്‌സീൻ എന്ന വ്യാജേന ഉപ്പുവെള്ളമാണ് കുത്തിവച്ചത് എന്നായിരുന്നു സൂചന. നൂറുകണക്കിനാളുകളാണ് വ്യാജ വാക്‌സീൻ ക്യാംപിൽ പങ്കെടുത്ത് കുത്തിവയ്‌പ്പിനു വിധേയരായിരുന്നത്. പിടിച്ചെടുത്ത വാക്‌സീൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. വ്യാജ വാക്‌സീനാണോ വ്യാജ ക്യാംപിൽ പങ്കെടുത്ത ആരും ഭയപ്പെടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഇവർ പറഞ്ഞിരുന്നു.പൊലീസിന്റെയും കൊൽക്കത്ത മുൻസിപ്പൽ കോർപറേഷന്റെയും മൂക്കിനു താഴെ നടന്ന വ്യാജ വാക്‌സിനേഷൻ ക്യാംപിനു പിന്നിലെ തട്ടിപ്പു പുറത്തുകൊണ്ടുവന്നതും മിമി ചക്രവർത്തിയാണ്.

നാലു ദിവസം മുൻപ് കസബയിൽ നടന്ന ക്യാംപിലെ മുഖ്യാതിഥിയായിരുന്നു ജാദവ്പുർ എംപിയായ മിമി ചക്രവർത്തി. ട്രാൻസ്‌ജെൻഡേഴ്‌സിനും ഭിന്നശേഷിക്കാർക്കുമുള്ള ക്യാംപ് ആണെന്നായിരുന്നു സംഘാടകർ ഇവരോടു പറഞ്ഞിരുന്നത്. വാക്‌സിനേഷൻ പ്രചാരണത്തിനായി വാക്‌സീൻ സ്വീകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.ആദ്യ കുത്തിവയ്‌പ്പിനു വിധേയയായി അവർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.വാക്‌സിനേഷന്റെ എസ്എംഎസ് ലഭിക്കാത്തതിനെത്തുടർന്നാണ് ഇവർക്ക് സംശയമുണ്ടാകുന്നത്. സംഘാടകരോട് ചോദിച്ചപ്പോൾ നാലു ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറഞ്ഞു.

സംശയം തോന്നിയ എംപി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എംപിയുടെ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് വ്യാജ ക്യാംപാണ് നടന്നതെന്നും ഐഎഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ ദേബാഞ്ജൻ ദേബ് ആണ് ഇതിനു പിന്നിലെന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജവാക്‌സിനേഷന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേബാഞ്ജൻ ദേബിന്റെ നേതൃത്വത്തിൽ വ്യാജ ക്യാംപുകൾ നടന്നിട്ടുണ്ടെന്നും 1500 പേർ ഇതിനകം ഇയാളുടെ ക്യാംപുകളിൽ കുത്തിവയ്‌പ്പിനു വിധേയരായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അംഗീകൃത ക്യാംപുകളാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനായി കൊൽക്കത്ത മുൻസിപ്പൽ കോർപറേഷന്റെ ബാനറുകളാണ് എല്ലാ വാക്‌സിനേഷൻ ക്യാംപുകളിലും സ്ഥാപിച്ചിരുന്നത്. ഇയാളുടെ എസ്യുവിയിൽ നീല ബീക്കൺ ലൈറ്റ് സ്ഥാപിച്ചിരുന്നതായും വ്യാജ തിരിച്ചറിയൽ കാർഡുകൾ വീട്ടിൽനിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കെഎംസിയുടെ ജോയിന്റ് മുൻസിപ്പൽ കമ്മിഷണറുടേതായിരുന്നു ഒരു വ്യാജ കാർഡ്.

ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ കൂടിയായ പിതാവ് പൊലീസിന് മൊഴികൊടുത്തിട്ടുള്ളത്.ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ആൾമാറാട്ടം നടത്തിയ ദേബാഞ്ജൻ ദേബ് കരാറുകൾ സംഘടിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം കൈക്കൂലിയായി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. ഈ പണവും വാക്‌സിനേഷൻ ക്യാംപിന്റെ നടത്തിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കൊൽക്കത്തയിലെ മാർക്കറ്റിൽനിന്നു വാങ്ങിയതാണ് കോവിഡ് വാക്‌സീനെന്നും ഇത് യഥാർഥമാണെന്നുമാണ് ദേബാഞ്ജൻ ദേബിന്റെ വാദം. കോവിഡ് വാക്‌സീൻ പൊതുവിപണിയിൽ ലഭ്യമല്ലാത്തതിനാൽ ഇത് വ്യാജമാണെന്നാണ് പൊലീസ് നിഗമനം.

തന്റെ നേതൃത്വത്തിലുള്ള എൻജിഒയുടെ പ്രചാരണാർഥമാണ് വാക്‌സിനേഷൻ ക്യാംപുകൾ നടത്തിയതെന്നാണ് ദേബാഞ്ജൻ ദേബ് പറയുന്നത്. എന്നാൽ ഇയാളുടെ എൻജിഒയുടെ റജിസ്‌ട്രേഷൻ പോലും പൂർത്തിയായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.കെഎംസിയിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുൻകൂർ അനുമതി വാങ്ങാതെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവർ കോവിഡ് വാക്‌സിനേഷൻ ക്യാംപ് നടത്തരുതെന്ന് കെഎംസി അറിയിച്ചു. വിവിധ എൻജിഒകൾ നിലവിൽ കൊൽക്കത്തയിൽ വാക്‌സിനേഷൻ ക്യാംപുകൾ നടത്തുന്നുണ്ട്.