തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇടതുപക്ഷം നേടിയ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നത് തിരുവനന്തപുരം കോർപ്പറേനിലേത്. താമര വിരിക്കാനായി കിണഞ്ഞ് ശ്രമിച്ച ബിജെപിയെ മലർത്തിയടിച്ചാണ് ഇടതുപക്ഷം തലസ്ഥാന നഗരത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുന്നത്.

നേമവും വട്ടിയൂർക്കാവിലും ബിജെപിക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നു. തിരുവനന്തപുരത്തും പരിവാർ മേഖലകളുണ്ട്. ഇതെല്ലാം പരമാവധി ജയിച്ചാണ് 2015ൽ 35 എന്ന മാന്ത്രിക സഖ്യയിൽ എത്താൻ ബിജെപിക്ക് കഴിഞ്ഞത്. ഇതിനൊപ്പം കഴക്കൂട്ടത്തും മുന്നേറി ഭരണം പിടിക്കുകയായിരുന്നു ഇത്തവണത്തെ ലക്ഷ്യം. ഇത് നടക്കാതെ പോയതാണ് ബിജെപിക്ക് തിരിച്ചടിയായത്. കഴക്കൂട്ടത്തെ കോട്ടപോലെ കാത്തത് അവിടെത്തെ എംഎൽഎ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും താരമാകുകയാണ്.

കഴക്കൂട്ടത്ത് കഴിഞ്ഞ തവണ സിപിഎം ജയിച്ചത് 11 സീറ്റിൽ മാത്രമായിരുന്നു. ഇവിടെ സിപിഎം മുന്നേറ്റത്തെ ചെറുത്ത് കൂടുതൽ സീറ്റ് നേടുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. അത് നടക്കാതെ പോയി. 2020ൽ 14 സീറ്റിൽ സിപിഎം ജയിച്ചു. വളരെ കരുതലോടെ പ്രവർത്തിച്ച ബിജെപി ഇവിടെ കുറഞ്ഞത് 10 സീറ്റ് ലക്ഷ്യമിട്ടു. എന്നാൽ അഞ്ചിൽ മാത്രമായി ജയം. മൂന്നിടത്ത് കോൺഗ്രസും ജയിച്ചു. അങ്ങനെ കഴക്കൂട്ടത്തെ കോട്ട കടകംപള്ളി കാത്തു സൂക്ഷിച്ചപ്പോൾ ബിജെപിക്ക് അടിതെറ്റി. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വി.മുരളീധരനായിരുന്നു കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി. കടകംപള്ളിക്ക് പിന്നിൽ രണ്ടാമതെത്തി.

ഈ മണ്ഡലം കേന്ദ്രീകരിച്ച് മുരളീധരൻ പ്രവർത്തിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയുടെ സജീവ സാന്നിധ്യത്തിലൂടെ കഴക്കൂട്ടത്ത് പരമാവധി വിജയമാണ് ബിജെപി ലക്ഷ്യമിട്ടത്. തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ അടക്കമുള്ളവർ നിറഞ്ഞതും കഴക്കൂട്ടത്തായിരുന്നു. കരിക്കകത്ത് കടകംപള്ളിയുടെ മകന്റെ ഭാര്യാ പിതാവ് കൂടിയായ മുൻ മേയർ ശ്രീകുമാർ അപ്രതീക്ഷിതമായി തോറ്റു. അത് കടകംപള്ളിക്ക് തിരിച്ചടിയാണ്. എന്നാലും മറ്റ് മേഖലകളിൽ കരുതലോടെ നിലനിർത്തി. 51 സീറ്റുകൾ നേടിയാണ് എൽഡിഎഫ് തിരുവനന്തപുരം നഗരസഭയിൽ അധികാരം പിടിച്ചിരിക്കുന്നത്.

വൻ പ്രചാരണമഴിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ 34ൽ ഒതുങ്ങി. 2015ലും എൻഡിഎയ്്ക്ക് 34 സീറ്റാണ് ലഭിച്ചത്. സംസ്ഥാന നേതാക്കളെ വരെ കളത്തിലിറക്കിയിട്ടും സീറ്റ് നില വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചില്ല. ഇത് സിപിഎമ്മിന് വലിയ ഗുണം ചെയ്യും. പാർട്ടി സംവിധാനം ചടുലമായി പ്രവർത്തിച്ചു. ഇതിനൊപ്പം അടിയൊഴുക്കുകൾ പരമാവധി അനുകൂലമാക്കുകയും ചെയ്തു. ശബരിമല അടക്കം തിരുവനന്തപുരത്ത് ചർച്ചയാകുന്നില്ലെന്നും ഉറപ്പിച്ചു. ഇതെല്ലാം ഗുണം ചെയ്യുകയും ചെയ്തു. പരമാവധി യുവാക്കളെ സ്ഥാനാർത്ഥികളാക്കിയും തുണച്ചു.

തിരുവനന്തപുരത്ത് എയർപോർട്ട് വികസനം ചർച്ചയാക്കിയായിരുന്നു ബിജെപി പ്രചരണം. അദാനിയുടെ എയർപോർട്ടിൽ മോദി വന്നാൽ സ്വീകരിക്കുക ബിജെപി മേയർ എന്ന മുദ്രാവാക്യവും ഉയർത്തി. പരിവാറുകാർ ലക്ഷ്യമിട്ടത് കഴക്കൂട്ടത്തെ നേട്ടത്തിലൂടെ ഒന്നും നമ്പർ പാർട്ടിയാകാനുമായിരുന്നു. എന്നാൽ കോട്ട കാത്ത് കടകംപള്ളിയുടെ തന്ത്രമൊരുക്കൽ സിപിഎമ്മിന് നേടിക്കൊടുത്തത് 3 അധിക സീറ്റുകളാണ്. ബിജെപി നേതാവ് വിവി രാജേഷ് വമ്പൻ ഭൂരിപക്ഷത്തിൽ പൂജപ്പുരയിൽ ജയിക്കുമ്പോഴും തിരുവനന്തപുരത്ത് ബിജെപിക്ക് സർവ്വത്ര നിരാശയാണ് ഇത് നൽകുന്നത്. തലസ്ഥാനത്ത് താമര വിരിയാത്തതിന് പിന്നിൽ അടിയൊഴുക്കുകൾ അനുകൂലമാക്കിയ സിപിഎം തന്ത്രമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ എല്ലാം അവർ പെട്ടിയിലാക്കി.

ദേശീയതലത്തിൽ വരെ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരത്തേത്. തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയർ എന്നായിരുന്നു എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ജില്ല പ്രസിഡന്റ് വി വി രാജേഷ് അടക്കം മത്സര രംഗത്തുണ്ടായിരുന്നു. പൂജപ്പുര ഡിവിഷനിൽ നിന്ന് ജനവിധി തേടിയ രാജേഷ് വിജയിച്ചെങ്കിലും പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ പലരും തോറ്റു. എൻഡിഎയ്ക്കും താഴെപ്പോയ യുഡിഎഫ് പത്ത് സീറ്റിലൊതുങ്ങി. ഇതോടെ തിരുവനന്തപുരത്തെ പ്രധാന മത്സരം ഇനി സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന സന്ദേശം നൽകാനും സിപിഎമ്മിന് കഴിയും. ന്യൂനപക്ഷത്തെ കൂടുതലായി സിപിഎമ്മിലേ്ക്ക് ഇതു അടുപ്പിക്കുകയും ചെയ്യും. ബിജെപി വിജയം പ്രതീക്ഷിച്ച വെങ്ങാനൂർ ജില്ലാ പഞ്ചായത്തിലും ബിജെപി തോറ്റു.

കോർപ്പറേഷന് പുറമേ ജില്ലയിലൊട്ടാകെയും എൽഡിഎഫ് മികച്ച വിജയമാണ് നേടിയത്. 52 ഗ്രാമപഞ്ചായത്തുകളും 11ൽ 10 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഇടതുപക്ഷം നേടി. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കരുതിയ തിരുവനന്തപുരത്ത് ഒരുതരത്തിലുമുള്ള ചലനവുമുണ്ടാക്കാതെ കോൺഗ്രസ് നിലംപതിക്കുകയായിരുന്നു. ബിജെപിയും എൽഡിഎഫും തമ്മിലാണ് പിന്നീട് മത്സരം നടത്. സർക്കാരിനെതിരായ പ്രചാരണങ്ങളും കോർപറേഷനിലെ ജനം തള്ളി.കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രകടനത്തിന് അടുത്തെത്താൻ പോലും കോൺഗ്രസിനായില്ല.

എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എൻഡിഎയ്ക്കു 35ഉം കോൺഗ്രസിനു 21 സീറ്റും ലഭിച്ചു. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റാണ് വേണ്ടത്. ഇതു മറികടക്കാനായത് സിപിഎമ്മിന് വലിയൊരു ആശ്വാസമായി. ബിജെപി എന്തുവന്നാലും ഭരണം പിടിക്കുമെന്ന് പറഞ്ഞതിനാൽ ദേശീയ ശ്രദ്ധപോലും തിരുവനന്തപുരം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം സിപിഎമ്മിന് ഏറെ പ്രധാനപ്പെട്ടതുമായിരുന്നു.