എറണാകുളം: മുളന്തുരുത്തിക്ക് സമീപം തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. യുവതിയുടെ ആഭരണങ്ങൾ വിൽക്കാൻ പ്രതി ബാബുക്കുട്ടനെ സഹായിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. വർക്കല, മുത്താന സ്വദേശി പ്രദീപ്, മുട്ടപ്പലം സ്വദേശി മുത്തു എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് റെയിൽവെ പൊലീസ് അറയിച്ചു. യുവതിയെ ആക്രമിച്ച് കവർന്ന ആഭരണങ്ങൾ പ്രതി ബാബുക്കുട്ടൻ വിൽക്കാൻ ഏൽപ്പിച്ചത് ഇവരെയായിരുന്നു. മറ്റൊരു കവർച്ച കേസിൽ ജയിലിൽ കഴിയവെയാണ് പ്രതികളുമായി ബാബുക്കുട്ടൻ പരിചയത്തിലാകുന്നത്. ട്രെയിനിൽ നിന്നും കവർച്ച നടത്തിയ ശേഷം വർക്കലയിലെത്തിയ ബാബുക്കുട്ടൻ മറ്റൊരാളുടെ മൊബൈലിൽ നിന്നും പ്രദീപിനെ വിളിച്ചു.

മുത്തുവിനൊപ്പം ഒരു ദിവസം പ്രദീപിന്റെ വീട്ടിൽ താമസിച്ചു. ഇതിനിടെയാണ് മോഷ്ടിച്ച മാലയും വളയും പ്രദീപിന്റെയും മുത്തുവിന്റെയും സഹായത്തോടെ വിറ്റത്. മാല 33,000 രൂപക്കും വള 27,000 രൂപയ്ക്കുമാണ് വിറ്റത്. ഇവ രണ്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണം മൂവരും ചേർന്ന് പങ്കിട്ടെടുത്തു.

ഇവരെ സഹായിച്ച മറ്റ് രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. അപസ്മാരത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാബുക്കുട്ടൻ ഡിസ്ചാർജ് ആയതിനെ തുടർന്ന് കോടതിയിൽ ഹാരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങി യുവതി ട്രെയിനിൽ നിന്നും വീണ മുളന്തുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബാബുക്കുട്ടനെ തിരുവനന്തപുരത്തെത്തിച്ച്, പുനലൂർ പാസഞ്ചറിലെ കംപാർട്‌മെന്റിൽ തെളിവെടുപ്പ് നടത്തിയിരുന്നു.