ചെന്നൈ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതിയും സഹായിയും പിടിയിൽ. ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി, 31കാരനെ തന്ത്രപൂർവം വീട്ടിലേക്ക് ക്ഷണിച്ച് ബന്ദിയാക്കി അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെടുകയും ആയിരുന്നു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് യുവതിയുടെ കെണിയിൽ വീണത്. യുവതിയുടെ വീട്ടിൽ നിന്നും രക്ഷപെട്ട യുവാവ് പൊലീസിനെ വിവരങ്ങൾ അറിയിച്ചതോടെയാണ് തട്ടിപ്പുകാർ പിടിയിലായത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഫോണിലൂടെ കൂടൂതൽ അടുത്ത യുവതി തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നതാണ് യുവാവിന്റെ പരാതി. വീട്ടിൽ ബന്ദിയാക്കിയ യുവാവിന്റെ അശ്ലീല ചിത്രങ്ങൾ പകർത്തി അപമാനിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ ജീവിതം തകർത്തു എന്നതിന്റെ പേരിൽ ഒരു ലക്ഷം രൂപ അക്രമി സംഘം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കടല്ലൂരിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ 31കാരനാണ് ദുരനുഭവം. ബന്ധിയാക്കിയ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പൊലീസിന് വിവരം നൽകുകയായിരുന്നു. സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടു പ്രതികളെയാണ് പൊലീസ് പിടികൂടിയത്.

ഫോണിലൂടെ അടുത്ത യുവതിയെ കാണാൻ ട്രിച്ചിയിൽ വരാൻ മറ്റൊരാൾ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ട്രിച്ചിയിൽ എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആഴ്ചകൾക്ക് മുൻപ് ഫേസ്‌ബുക്കിലൂടെയാണ് ബിരുദ വിദ്യാർത്ഥി യുവതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോണിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ട്രിച്ചിയിൽ ഇരുചക്രവാഹനത്തിൽ എത്തിയ 31കാരനെ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാത്തുനിന്ന അക്രമി സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ചതായി 31കാരന്റെ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ ജീവിതം തകർത്തു എന്ന പേരിൽ അക്രമി സംഘം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവാവിന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതിനിടയിൽ യുവാവിന്റെ അശ്ലീല ചിത്രങ്ങൾ എടുത്ത് അപമാനിക്കുകയും ചെയ്തു. യുവതി തനിക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും അക്രമി സംഘം മൊബൈലിൽ നിന്ന് നീക്കം ചെയ്തു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നിൽ പ്രവർത്തിച്ച യുവതിയെ കാജമലൈയിൽ നിന്നാണ് പിടികൂടിയത്.