തിരുവനന്തപുരം: അമ്മയുടെ അറിവോടെ പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ.പെൺകുട്ടിയെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടി.

തുടർന്ന് പെൺകുട്ടിയെ മന്ത്രി സന്ദർശിച്ചു.തനിക്ക് ഇനിയും പഠിക്കാൻ താൽപര്യമുണ്ട്.വീട്ടിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തിൽ താൻ സന്തോഷവതിയാണെന്നും കുട്ടി മന്ത്രിയെ അറിയിച്ചു. തന്റെ 11 വയസ്സുള്ള അനുജന്റെ കാര്യം പെൺകുട്ടി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. അന്വേഷണം നടത്തി കാര്യങ്ങൾ തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചു.കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും പ്രത്യേക കൗൺസലിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം കേസിൽ രണ്ട് പേരെക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയ രണ്ട് പേരാണ്പിടിയിലായിരിക്കുന്നത്.ടിപ്പർ ലോറി ഡ്രൈവറായ ഹരിപ്പാട് പടിപ്പുര വടക്കേതിൽ ഷിബിൻ, തിരുവനന്തപുരം വക്കം കടയ്ക്കാവൂർ ഷെമി മൻസിലിൽ ഡോക്ടർ എന്ന് വിളിക്കുന്ന മുഹമ്മദ് ഷിറാസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.രണ്ടാം പ്രതിയായ പെൺകുട്ടിയുടെ അമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

28ന് ആണ് കേസിനാസ്പദമായ സംഭവം. കല്യാണം കഴിക്കാമെന്നു പറഞ്ഞ് ഷിബിൻ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഇത് കുട്ടിയുടെ അമ്മയുടെ അറിവോടെ തന്നെയായിരുന്നു. തുടർന്നാണ് 28ന് ഉച്ചയ്ക്ക് ഷിബിനും മുഹമ്മദ് ഷിറാസും കൂടി ബൈക്കിൽ എത്തി കുട്ടിയെ വീട്ടിൽ നിന്ന് ഷിബിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്. കുട്ടിയെ ഷിബിന്റെ അമ്മയെയും അച്ഛനെയും കാണിക്കാൻ വേണ്ടിയെന്നു പറഞ്ഞാണു കൂട്ടിക്കൊണ്ടു പോയത്. ഷിബിന്റെ വീട്ടിൽവച്ച് ഒന്നിലധികം തവണ പെൺകുട്ടിയെ പീഡിപ്പിച്ചു.

തുടർന്ന് മുഹമ്മദ് ഷിറാസ് കുട്ടിയെ തന്റെ കടയ്ക്കാവൂരെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു. അന്ന് വൈകിട്ടു തന്നെ കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രണ്ടാനച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. 29ന് ഇവർ കുട്ടിയെ തിരികെ ചെങ്ങന്നൂരിൽ എത്തിച്ച് ബസിൽ കയറ്റി വീട്ടിലേക്ക് വിടുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം.29ന് പെൺകുട്ടി വീട്ടിൽ എത്തിയ വിവരം സമീപവാസികൾ പഞ്ചായത്ത് അംഗത്തെ അറിയിച്ചു. പഞ്ചായത്ത് അംഗം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കുകയും കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണു പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. ഷിബിൻ പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് പെൺവാണിഭത്തിനായി വാട്‌സാപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയി. ആറന്മുള എസ്എച്ച്ഒ പി.എം. ലിബു, എസ്‌ഐ എസ്.എസ്. രാജീവ്, സിപിഒമാരായ രാകേഷ്, ജോബിൻ, രാജേഷ്, രാജൻ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.