ആലപ്പുഴ: ഇടതു സർക്കാറിലെ ഒരു മന്ത്രിക്കെതിരെ പേരു പറയാതെ വിമർശനം ഉന്നയിച്ചു യു പ്രതിഭ എംഎൽഎ. പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ലെന്നില്ലെന്നണ് പ്രതിഭ വിമർശനം ഉന്നയിച്ചത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രതിഭയുടെ വിമർശനം. എപ്പോൾ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടി. അതിന് നന്ദിയുണ്ട്. എന്നാൽ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. എന്നാൽ ഫോൺ എടുക്കാത്ത മന്ത്രി ആരാണെന്ന് എംഎൽഎ പ്രസംഗത്തിൽ പറഞ്ഞില്ല.

എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ:

'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാൽ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാൻ നിരവധി പേർ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോൾ ചിലത് എടുക്കാൻ കഴിയാറില്ല. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ വിഷമം എന്ന് പറയുന്നത്, ആപൂർവമായി മാത്രമാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും' പ്രതിഭ പറഞ്ഞു.

അതേസമയം ഇടതു എംഎൽഎയുടെ പരസ്യ വിമർശനത്തോടെ ഫോൺ എടുക്കാത്ത മന്ത്രി ആരാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. വീണാ ജോർജ്ജിനെയാണ് പ്രതിഭ ഉന്നം വെച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഭ വിമർശനം ഉന്നയിച്ചിരുന്നു.

മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു പ്രതിഭ ആക്ഷേപം ഉന്നയിച്ചിരുന്നു. മന്ത്രി ജി സുധാകരനെതിരെ അടക്കം വിമർശനങ്ങൾ യു പ്രതിഭ ഉന്നയിച്ചിരുന്നു. വസ്ത്രധാരണത്തിലെ അപാകവും നിയമസഭാ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആരോപണവും മാധ്യമവാർത്തയായി പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സൂരി നമ്പൂരിപ്പാടിന്റെ കാര്യം ഓർമ്മിപ്പിച്ചായിരുന്നു പ്രതിഭ മറുപടി പറഞ്ഞത്.

ഫേസ്‌ബുക്കിൽ വിവാദ പോസ്റ്റു വന്ന വേളയിലും യു പ്രതിഭ പ്രതിരണവുമായി രംഗത്തുവന്നിരുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന വിവാദ പോസ്റ്റ് താനല്ല ഇട്ടതെന്ന് വിശദീകരിച്ചായിരുന്നു പ്രതിഭ രംഗത്തുവന്നത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും അപകീർത്തിപ്പെടുത്തുന്നുവെന്നും പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്നു പ്രതിഭ.