കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ കസ്റ്റംസ് സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയും കഴിഞ്ഞ ദിവസം എടുത്തിരുന്നു. യുഎഇ കോൺസുലേറ്റിലേക്ക് വിദേശത്തു നിന്നും 2019-21 ൽ വന്ന പാഴ്‌സലുകൾക്കൊന്നും എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ, കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.

30 കിലോഗ്രാം സ്വർണം പിടിച്ച കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിൽ സർട്ടിഫിക്കറ്റിനായി യുഎഇ കോൺസുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കള്ളക്കടത്തു നടന്ന കാലത്തെ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, വാർത്താ വിനിമയ ഉപകരണങ്ങൾ, സംഗീത പരിപാടിക്കോ പ്രദർശനത്തിനോ ഉള്ള വസ്തുക്കൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ, അസാധാരണ വസ്തുക്കൾ എന്നിവയടങ്ങിയ പാഴ്‌സലുകൾ വിദേശകാര്യ മന്ത്രാലയമോ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറോ സാക്ഷ്യപ്പെടുത്തി എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നു വിദേശകാര്യമന്ത്രാലയം 2018 ൽ പുതുക്കിയ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിൽ പറയുന്നുണ്ട്.

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങളിലേക്കു വാഹനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, വാർത്താ വിനിമയ ഉപകരണങ്ങൾ, സംഗീത പരിപാടിക്കോ പ്രദർശനത്തിനോ ഉള്ള വസ്തുക്കൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, അസാധാരണ വസ്തുക്കൾ എന്നിവയടങ്ങിയ പാഴ്‌സലുകൾക്ക് സാക്ഷ്യപ്പെടുത്തി എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നാണു 2018 ലെ നിർദ്ദേശത്തിലുള്ളത്. 20 ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള പാഴ്‌സലുകൾക്കും സാക്ഷ്യപ്പെടുത്തൽ വേണം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് ഇല്ലാത്ത സ്ഥലങ്ങളിൽ സാക്ഷ്യപ്പെടുത്തലിനുള്ള അധികാരം അതതു സംസ്ഥാനങ്ങളിലെ പ്രോട്ടോക്കോൾ ഓഫിസർക്കാണ്. അതേസമയം, ചില ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കാര്യത്തിൽ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണ്.

അതേസമയം, യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകിയിരുന്നു. മന്ത്രി കെ.ടി.ജലീൽ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നതാണ് മതഗ്രന്ഥത്തിന്റെ വിതരണം. മാർച്ച് നാലിന് കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി.ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തലുണ്ട്. ഇങ്ങനെ മതഗ്രന്ഥം എത്തിച്ചതും സംസ്ഥാന സർക്കാറിന്റെ പ്രോട്ടോക്കോൾ ഓഫീസറിന്റെ അനുമതി ഇല്ലാതെയാണ് എന്നാണ് പുറത്തുവുന്ന വിവരം.

ഡിപ്ലോമാറ്റിക് ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന കോൺസലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോക്കോൾ ഓഫിസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിനു ബാഗ് വിട്ടു നൽകാൻ കഴിയുകയുള്ളു. ഇതിനായി പ്രത്യേക ഇളവ് നൽകിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നായിരുന്നു കസ്റ്റംസിനെ അറിയിച്ചിരുന്നത്.