കോട്ടയം/മലപ്പുറം: തെരഞ്ഞെടുപ്പു കാലമാകുമ്പോൾ അരമനകളും പള്ളിമേടകളും കരയറിയിറങ്ങുന്ന രാഷ്ട്രീയക്കാരുടെ കാഴ്‌ച്ചകൾ പതിവു പരിപാടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേട്ടമുണ്ടാക്കിയതോടെ അരമനകൾ കയറിയിറങ്ങുന്ന രാഷ്ട്രീയക്കാരുടെ കാഴ്‌ച്ചകളാണ് കാണുന്നത്. പ്രധാനമായും ലീഗ്, കോൺഗ്രസ് നേതാക്കളാണ് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് രംഗത്തുള്ളത്. എന്നാൽ, പതിവിന് വ്യത്യസ്തമായി മധ്യതിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കാൻ വേണ്ടി ബിജെപിയും സഭാ ആസ്ഥാനങ്ങൾ കറങ്ങി തിരിയുന്നുണ്ട്. ഗോവ മോഡലിൽ ക്രൈസ്തവ-ഹിന്ദു ഐക്യമെന്ന ആഹ്വാനത്തിലാണ് ബിജെപി ഇക്കുറി.

യുഡിഎഫിൽ നിന്നും ക്രൈസ്തവ വോട്ടുകൾ അകന്ന തക്കം നോക്കിയാണ് ബിജെപിയുടെ കരുനീക്കങ്ങൾ. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധവും ലീഗ് അടുത്തകാലത്ത് ചെലവിഷയങ്ങളിൽ കൈക്കൊണ്ട് തീവ്ര നിലപാടുകളും തിരിച്ചടിയായത് കോൺഗ്രസിനാണ്. അതുകൊണ്ട് തന്നെ ലീഗ് തന്നെ വിഷയം പരിഹരിക്കാൻ രംഗത്തെത്തി. മുന്നണിയുടെ വിജയത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾക്കൊപ്പം ലീഗ് നേതാക്കളും അരമനകളിലും കയറി ഇറങ്ങുകയാണ് ഇപ്പോൾ. ഈ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഉമ്മൻ ചാണ്ടി യുഡിഎഫിനെ നയിക്കാൻ കളത്തിലിറങ്ങിയതും. ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ വേണ്ടി സിപിഎം ലീഗിനെതിരെ ഇറങ്ങിയതോടു കൂടിയാണ് യുഡിഎഫ് അപകടം തിരിച്ചറിഞ്ഞ് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യം വെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ആ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെ ഇപ്പോൾ ക്രൈസ്തവ സഭാ പ്രതിനിധികൾ പാണക്കാട്ടെത്തുമ്പോൾ അത് സിപിഎമ്മിനും എൽഡിഎഫിനും ആശങ്ക സൃഷ്ടിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ സഭാവ്യത്യാസങ്ങളില്ലാതെ ക്രൈസ്തവ വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് സന്ദർശിച്ചതിന് ശേഷം കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷം ആണ് ഇന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ്ലിം സമുദായവും ക്രൈസ്തവ സമുദായവും തമ്മിൽ ഭിന്നതയുണ്ടെന്ന രീതിയിൽ ശ്രമങ്ങൾ നടക്കുന്നു എന്നാണ് സഭാ പ്രതിനിധികൾ പറയുന്നത്. അങ്ങനെയൊരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കാനാണ് ഈ സന്ദർശനം എന്നാണ് വിശദീകരണം. ഡോ ഗീവർഗീസ് മാർ യൂലിയോസ്, ഡോ യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവരായിരുന്നു സന്ദർശനം നടത്തിയത്.

പള്ളിത്തർക്കത്തിലെ യഥാർത്ഥ വസ്തുത ധരിപ്പിക്കുക എന്നതായിരുന്നു സന്ദർശന ലക്ഷ്യമെന്നും മലങ്കര ഓർത്തഡോക്സ് സഭാ പ്രതിനിധി ഡോ ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞിരുന്നു. പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം നേരത്തേ ഉയർത്തിയ ആളാണ് മെത്രാപ്പൊലീത്ത. മുഖ്യമന്ത്രി പിണറായി വിജയനെ നേരത്തെ അതി രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് ഗീവർഗ്ഗീസ് മാർ യൂലിയോസ്. കേരളത്തിൽ നടക്കുന്നത് മതവർഗ്ഗീയതയേക്കാൾ ഭീകരമായ ഫാസിസം ആണെന്നായിരുന്നു ആരോപണം, പിണറായി വിജയൻ നയിക്കുന്നത് ഫാസിസ്റ്റ് സർക്കാരിനെ ആണെന്നും ആക്ഷേപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടയിൽ ഉണ്ടായ സംഭവങ്ങളാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചത്. മലപ്പുറത്ത് വച്ച് വൈദികൻ ഉയർത്തിയ ചോദ്യത്തെ കടുത്ത ഭാഷയിൽ ആയിരുന്നു മുഖ്യമന്ത്രി നേരിട്ടത്. സഭാതർക്കവുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ ആർക്കൊപ്പം ആയിരിക്കും എന്നതിന്റെ വ്യക്തമായ സന്ദേശം തന്നെയാണ് ഓർത്തഡോക്സ് സഭ ഇപ്പോൾ നൽകിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. എന്തായാലും ഇക്കാര്യത്തിൽ കടുത്ത പ്രതികരണങ്ങളൊന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല.

ക്രൈസ്തവ സഭകളെ കൂടെ നിർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിൽ. കുപ്രചരണങ്ങൾ മറികടക്കണം എന്ന ലക്ഷ്യത്തോടെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സഭാനേതൃത്വങ്ങളുമായുള്ള ചർച്ചകൾ ക്രിസ്തുമസിന് മുമ്പ് തന്നെ തുടങ്ങുകയും ചെയ്തിരുന്നു. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ സഹകരണവും യുഡിഎഫിലെ മുസ്ലിം ലീഗിന്റെ സ്വാധീനവും ഒക്കെ ആയിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തെ മുന്നണിയിൽ നിന്ന് അകത്തി നിർത്തിയത് എന്നാണ് വിലയിരുത്തൽ. ഇതോടെയാണ് മധ്യതിരുവിതാംകൂറിൽ പോലും യുഡിഎഫ് തകർന്നടിഞ്ഞത്. ഇത് മറികടക്കാനാണ് ഇപ്പോൾ കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും ശ്രമം.

എല്ലാ മതവിഭാഗങ്ങളേയും കൂടെ നിർത്തുക എന്ന ലക്ഷ്യത്തിലാണ് സിപിഎം. പ്രത്യേകിച്ചും, തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമായി മാറിയ ക്രൈസ്തവ സമൂഹത്തെ. സഭാ തർക്കത്തിൽ യാക്കോബായ സഭ സിപിഎം പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. യാക്കാബായക്കാരനായ അനൂപ് ജേക്കബിനെയും ഇടതു മുന്നണി നോട്ടമിട്ടു കഴിഞ്ഞു. ഓർത്തഡോക്‌സ് സഭക്കാരനായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകുന്നതിലും നല്ലത് യാക്കോബായ സമുദായത്തെ പിന്തുണയ്ക്കുന്ന പിണറായിയാണെന്നാണ സഭാ വികാരം. ഈ വികാരത്തിനൊപ്പം അനൂപ് നിൽക്കണമെന്ന അഭിപ്രായവും ഉരുന്നുണ്ട്.

സാധാരണ ഗതിയിൽ ഇടതുമുന്നണിക്ക് ലഭിക്കാതെ പോകാറുള്ള വോട്ടുകൾ ആയിരുന്നു പ്രത്യേക സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. അത് നിലനിർത്താൻ സാധിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ജോസ് കെ മാണിയെ എത്തിച്ചതോടെ കത്തോലിക്കാ വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമെന്നതും സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

അതേസമയം ബിജെപിയും ഇക്കുറി കണ്ണുവെക്കുന്നത് ക്രൈസ്തവ വോട്ടുകളാണ്. ഇതിനായി സഭാ തർക്കം പരിഹരിക്കാൻ പ്രധാനന്ത്രി നരേന്ദ്ര മോദിയെ പോലും ഇടപെടുവിക്കുകയുണ്ടായി. പിഎസ് ശ്രീധരൻ പിള്ളയാണ് ഈ ശ്രമങ്ങളുമായി മുന്നിലുള്ളത്. തന്ത്രം വിജയിച്ചാൽ മധ്യ തിരുവിതാംകൂറിലും ബിജെപിക്ക് അക്കൗണ്ട് തുരക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് പിഎസ് ശ്രീധരൻ പിള്ള യാക്കോബായ സഭാ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുമായി എറണാകുളത്തും ഓർത്തഡോക്‌സ് സഭാ നേതൃത്വമായി കോട്ടയം ദേവലോകത്തും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

എറണാകുളം പുത്തൻകുരിശിലെ യാക്കോബായ സഭാ ആസ്ഥാനത്ത് രാവിലെ പത്ത് മണിയോടെയാണ് ഗവർണർ ശ്രീധരൻ പിള്ളയും ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയത്. ഓർത്തഡോക്‌സ് -യാക്കോബായ സഭാ തർക്കം രൂക്ഷമായതാണെന്ന് ഗവർണർ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് തുടർ ശ്രമങ്ങൾ ഉണ്ടാകും. ആദ്യ ഘട്ട ചർച്ചയ്ക്ക് ശേഷം ഇരുവിഭാഗവും നൽകിയ കത്തിൽ യോജിക്കാവുന്ന പരാമർശങ്ങൾ ഉണ്ടെന്നും പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.

എന്നാൽ ഓർത്തഡോക്‌സ് വിഭാഗവുമായി യോജിച്ച് പോകുക അസാധ്യമാണെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. നിയമനിർമ്മാണം നടത്തുകയെന്നത് സഭയുടെ ആവശ്യമെന്നും സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് പറഞ്ഞു. അതേസമയം ഇരുവിഭാഗങ്ങും തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെ ഓർത്തഡോക്‌സ് സഭാ നേതൃത്വവുമായി ഗവർണർ കോട്ടയം ദേവലോകം അരമനയിൽ കൂടിക്കാഴ്ച നടത്തി. തർക്ക വിഷയം ചർച്ച ചെയ്യാൻ തന്നെ ആരും മധ്യസ്ഥനാക്കിയിട്ടില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള കോട്ടയത്ത് പറഞ്ഞു. എന്നാൽ സർക്കാർ കോടതി വിധി നടപ്പാക്കാൻ തയ്യാറാക്കുകയാണ് വേണ്ടതെന്ന് ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യോഹന്നോൻ മാർ ദിയസ് കോറസ് വ്യക്തമാക്കി.

കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്. ഇത് മുതലെടുത്ത് ക്രൈസ്തവ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ ബിജെപി നടത്തുന്നത്. മുസ്ലിം വിദ്യാർത്ഥികൾക്ക് 80 ശതമാനത്തിലധികം ന്യൂനപക്ഷ സ്‌കോളർഷിപ്പ് ലഭിക്കുന്നതിലും മുസ്ലിം ആൺകുട്ടികളാൽ ആകർഷിക്കപ്പെടുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിലും ( ലൗ ജിഹാദ് ) ക്രൈസ്തവ സഭയിൽ ആശങ്കയുണ്ട്. ഈ അവസരം വോട്ടാക്കാമെന്നാണ് ബിജെപിയുടെയും കണക്കു കൂട്ടൽ.