തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാ ദൗർബല്യവുമെന്ന് അശോക് ചവാൻ കമ്മിറ്റിക്ക് മുമ്പാകെ രമേശ് ചെന്നിത്തല. അതേസമയം, കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി ഉടൻ വേണമെന്ന് എംഎൽഎമാർ ഹൈക്കമാൻഡ് സമിതിയോട് ആവശ്യപ്പെട്ടു. ഊർജ്ജസ്വലരായ നേതാക്കൾക്ക് മാത്രമേ പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും അശോക് ചവാൻ അധ്യക്ഷനായ സമിതിക്കു മുമ്പിൽ എംഎൽഎമാർ അഭിപ്രായപ്പെട്ടു.

കോവിഡ് കാരണം സർക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങൾ ഫലപ്രദമായ രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ല. കോവിഡ് മഹാമാരിയുടെ മറവിൽ സർക്കാർ ഒഴുക്കിയ പണവും ഭക്ഷണക്കിറ്റുകളും പെൻഷനുമെല്ലാം തോൽവിക്ക് കാരണമായെന്നും ചെന്നിത്തല വിശദീകരിച്ചു.

സർക്കാരിന്റെ അഴിമതിക്ക് എതിരായ വികാരം താഴെത്തട്ടിൽ എത്തിക്കാൻ കഴിയാത്തത് തിരിച്ചടിയായി. ബൂത്തുതലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കോവിഡ് കാരണം സാധിച്ചില്ല. പല ബൂത്തുകമ്മിറ്റികളും നിർജ്ജീവമായിരുന്നു.

വീടുകളിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഭരണപക്ഷമാകട്ടെ കോവിഡിനെതിരെ പാർട്ടി പ്രവർത്തകരെ സന്നദ്ധപ്രവർത്തകരായി സർക്കാർ ചെലവിൽ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നൽകി സർക്കാരിന് അനുകൂലമായി വൻതോതിലുള്ള പ്രചാരണം നടത്തിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും പരാജയം പഠിക്കാൻ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിംഗിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് എന്ന നിലയിൽ സർക്കാരിന്റെ സ്വജനപക്ഷപാതവും നിരവധി അഴിമതികളും പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ കഴിഞ്ഞു. ഇതുകാരണം സർക്കാർ നിരവധി തീരുമാനങ്ങളിൽ തിരുത്തുകയും പിന്നോക്കം പോകുകയും ചെയ്യേണ്ടിവന്നു. സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങൾ മാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നല്കിയതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ്സ് മുക്തഭാരതമെന്ന ലക്ഷ്യത്തോടെ ബിജെപി. കോൺഗ്രസ്സിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വോട്ട് മറിച്ചു നൽകി എന്നത് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ച സ്ഥലങ്ങളിൽ 2016 ലെ വോട്ട് ഷെയറിനേക്കാൾ 80 ശതമാനത്തോളം കുറവുണ്ടായി. ഇത്തരത്തിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബിജെപിയും സിപിഎമ്മും ഒരുമിച്ചു.

കേന്ദ്രസംസ്ഥാന ഭരണകക്ഷിയായ ബിജെപി.യുടെയും സിപിഎമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാധ്യമങ്ങൾ വഴി സർക്കാരിന് അനുകൂലമാക്കാനുള്ള പി.ആർ കമ്പനിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസ്സിന്റെ പരാജയത്തിന് ആക്കം കൂട്ടി.

സി.എ.എ. നടപ്പിലാക്കുമെന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്രത്തിൽ ഭരണത്തിലില്ലാതിരിക്കുന്ന കോൺഗ്രസിനേക്കാൾ കേരളത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി ന്യൂനപക്ഷവികാരമുണ്ടാക്കി. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു.

2019 ൽ പാർലമെന്റ് ഇലക്ഷനിൽ 20 ൽ 19 സീറ്റും നേടി വൻഭൂരിപക്ഷം നേടാൻ കഴിഞ്ഞെങ്കിലും കോവിഡ് മഹാമാരി കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിരുദ്ധവികാരം മുതലാക്കാനായില്ല. ഇതിന് സംഘടനാ ദൗർബല്യവും കാരണമായി.

കെപിസിസി ഉൾപ്പെടെ ആൾക്കൂട്ടമായി മാറിയെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നുമാണ് ചില എംഎൽഎമാർ അഭിപ്രായപ്പെട്ടത്. കെഎസ്‌യു, മഹിളാ കോൺഗ്രസ് ഉൾപ്പടെ പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്. എംപിമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും അഭിപ്രായങ്ങൾ നേടിയതിനുശേഷം ചവാൻ സമിതി ഹൈക്കമാന്റിന് റിപ്പോർട്ട് കൈമാറും. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണി നടക്കുക.