തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധി മുന്നണി ഭേദമന്യേ എല്ലാ കക്ഷികളെയും വെട്ടിലാക്കുന്ന വിധിയായി മാറിയിരിക്കയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കണം എന്ന ആവശ്യം ക്രൈസ്തവ പിന്തുണയുള്ള കക്ഷികൾ ഉന്നയിക്കുമ്പോൾ വിധി നടപ്പിലാക്കരുതെന്നും അപ്പീൽ പോകണമെന്നുമുള്ള നിലപാടിലാണ് മുസ്ലിംലീഗും. സർക്കാർ ഈ വിഷയത്തിൽ തന്ത്രപരമായി നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം യുഡിഎഫിലാകട്ടെ ഈ വിഷയത്തെ കുറിച്ച് മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കോൺഗ്രസാണ് ശരിക്കും വിഷമ വൃത്തത്തിലായിരിക്കുന്നത്.

ഘടകകക്ഷികളായ മുസ്ലിംലീഗും കേരള കോൺഗ്രസും വ്യത്യസ്ത നിലപാട് സ്വീകരിച്ചതും മുസ്ലിം ക്രിസ്ത്യൻ സംഘടനകൾ രണ്ടുതട്ടിലായതുമാണ് കോൺഗ്രസിനെ കുഴക്കുന്നത്. നാളെ നിയമസഭ പുനരാരംഭിക്കാനിരിക്കെ യു.ഡി.എഫിൽ ഏകാഭിപ്രായമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കും. പുതിയ സർക്കാർ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാക്കാനുള്ള അവസരമാണെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്.

ന്യൂനപക്ഷങ്ങൾ അകന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നിരിക്കെ, സൂക്ഷ്മതയോടെ അഭിപ്രായം പറയാനാകു. വിധിയെ അനുകൂലിച്ച് ക്രൈസ്തവ സംഘടനകളും പ്രതികൂലിച്ച് മുസ്ലിം സംഘടനകളും രംഗത്ത് വന്നതോടെ പ്രത്യേകിച്ചും. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പി.ജെ ജോസഫിന്റ പ്രതികരണം.

മുസ്ലിം ജനവിഭാഗത്തെ ഉദ്ദേശിച്ചുള്ള സ്‌കോളർഷിപ്പിൽ മാറ്റം വരുത്തിയത് യു.ഡി.എഫ് സർക്കാരാണന്ന എം.എ ബേബിയുടെ പരാമർശത്തിനും മറുപടി പറയണം. എന്നാൽ തൽക്കാലം മിണ്ടാതിരിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭ സമ്മേളനം അടുത്തദിവസം പുനരാരംഭിക്കാനിരിക്കെ സഭയിൽ വിഷയം ഉയർന്നാൽ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടാകില്ല.

അതേസമയം കിട്ടിയ അവസരം മുതലെടുക്കാൻ ബിജെപിയും രംഗത്തുണ്ട്. വിധി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടത് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന നിലപാടിന്റെ കൂടി ഭാഗമായാണ്. വിധിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും,അഴകൊഴമ്പൻ സമീപനം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ തിരക്കിട്ട് അഭിപ്രായം വേണ്ടെന്നാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 80:20 എന്ന അനുപാതം റദ്ദ് ചെയ്തുകൊണ്ട് ജനസംഖ്യയ്ക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. എൽഡിഎഫിനുള്ളിൽത്തന്നെ ഹൈക്കോടതി വിധിയെച്ചൊല്ലി വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാർ വിഷയത്തിലെടുക്കുന്ന നിലപാട് അതീവ നിർണ്ണായകമാകും. സർക്കാരിനോട് അപ്പീൽ പോകണമെന്ന് ഐഎൻഎൽ ഉൾപ്പെടെയുള്ള പാർട്ടികൾകൾ ആവശ്യപ്പെടാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ സർക്കാർ സമ്മർദ്ദത്തിലാണ്.

ജനസംഖ്യയ്ക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുമ്പോൾ മുസ്ലിം വിഭാഗത്തിന്റെ ക്വാട്ട 80 ശതമാനത്തിൽ നിന്നും 58.67 ശതമാനത്തിലേക്ക് നേരെ കൂപ്പുകുത്തുമെന്നാണ് ഡാറ്റ വിശകലനം ചെയ്ത് ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.6 ശതമാനം എന്ന നിലയിലാകും ക്ഷേമപദ്ധതി വിതരണത്തിനുള്ള ക്വാട്ട. മറ്റ് ന്യൂനപക്, വിഭാഗങ്ങളായ സിഖ്, ബുദ്ധ, പാർസി, ജൈന, വിഭാദങ്ങൾക്ക് ഇത് 0.73 ശതമാനവുമായിരിക്കും.

മുസ്ലിം വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ റിപ്പോർട്ടാണ് ഈ ക്ഷേമപദ്ധതി വിതരണത്തിന് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. കമ്മീഷൻ മുസ്ലിം വിഭാഗത്തിന്റെ മാത്രം പിന്നോക്കാവസ്ഥയെയാണ് പഠനവിധേയമാക്കിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ നിയമപരമായി നിലനിൽക്കാനുള്ള സാധ്യതയില്ലെന്നും ഇത് മതേതരത്വമെന്ന സങ്കൽപ്പത്തിന് വിരുദ്ധമാകുമെന്നുമാണ് ഹൈക്കോടതിക്കുമുന്നിൽ മുതിർന്ന അഭിഭാഷകനായ രാജു ജോസഫ് വാദിച്ചത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു 2015ൽ സർക്കാർ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഈ സർക്കാർ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് നൽകിയത്. പൊതുവായ പദ്ധതികളിൽ 80% വിഹിതം മുസ്!ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും പരിഗണനയിൽ എടുത്താണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.