കണ്ണൂർ: കണ്ണൂർ കലക്ടർ ടി.വി സുഭാഷ് വിളിച്ചു ചേർത്ത സർവ്വകക്ഷി സമാധാന യോഗത്തിൽ നിന്നും യു ഡി എഫ് നേതാക്കൾ ഇറങ്ങിപ്പോയി. പൊലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്. യുഡിഎഫ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നെന്നും നേതാക്കൾ ആരോപിച്ചു. പേരെടുത്ത് പറഞ്ഞ് പ്രതികൾക്കെതിരെ പരാതി നൽകിയെങ്കിലും പിടികൂടാൻ പൊലീസ് തയ്യാറായില്ലെന്ന് നേതാക്കൾ ആരോപിക്കും കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചർച്ച നടത്താൻ യു.ഡി.എഫ് തയ്യാറല്ലെന്നും നേതാക്കൾ അറിയിച്ചു.

സമാധാനപരമായി നടന്ന മൻസൂറിന്റെ വിലാപയാത്രയിൽപങ്കെടുത്ത മുസ്ലിം ലീഗ് പ്രവർത്തകരെ പൊലിസ് രാത്രി അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതിനെ തുടർന്ന്ഇന്നലെ നടന്ന അക്രമത്തെ യുഡിഎഫ് അപലപിക്കുന്നു . നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. എന്നാൽ അതിന്റെ പേരിൽ പതിനാലോളം പേരെ ക്രൂരമായി പൊലിസ് മർദ്ദിച്ചുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീംചേലേരി ആരോപിച്ചു.

വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാൽ മൻസൂർ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഇതിനിടെ പെരിങ്ങത്തൂരിൽ ഇന്നലെ അക്രമം നടന്ന പ്രദേശങ്ങൾ സിപിഎം നേതാക്കളായ പി ജയരാജനും എം വി ജയരാജനും സന്ദർശിച്ചു. പെരിങ്ങത്തൂരിൽ ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
പെരിങ്ങത്തൂരിൽ സിപിഎം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്കാണ് ഒരു സംഘം ഇന്നലെ രാത്രി തീയിട്ടത്. സിപിഎം അനുഭാവികളുടെ കടകൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായി.

കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ആ സമാധാനാന്തരീക്ഷമാണ് തകർന്നത്. അക്രമം പടരാതിരിക്കാൻ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് അക്രമം തുടരുമെന്നതിന്റെ പ്രഖ്യാപനമാണ്.

മൻസുറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞുപക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ നടത്തിയത്. സിപിഎമ്മിന്റെ എട്ട് ഓഫീസുകളും വായനശാലകളും ചില കടകളും വീടുകളുമാണ് തകർത്തത്. നാട്ടിൽ സാധാരണ ജീവിതം ദുസ്സഹമാക്കുന്ന തരത്തിലായിരുന്നു അക്രമം. ലീഗ് നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നു.ഇവർ പ്രവർത്തർ നടത്തിയ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.