തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എംപി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്നതാണ് ഇത്തവണ കോൺഗ്രസിനെ എൽഡിഎഫിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ശശി തരൂരിന് നിർണായക ചുമതലകൾ നൽകികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഗതി നിർണയിക്കുന്ന തീരുമാനങ്ങളും അദ്ദേഹത്തിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നു. യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാക്കുന്ന ചുമതല തരൂരിൽ നിക്ഷിപ്തമാണ്. ഇതാകും യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുന്ന ഘടകം.

21ാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും യുഡിഎഫ് പ്രകടനപത്രികയെന്നാണ് ശശി തരൂർ എംപി വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ എങ്ങനെ ഇടപെടണം എന്നതിനുള്ള മാർഗരേഖയായി പ്രകടനപത്രികയെ മാറ്റും. അതുകൊണ്ടാണു സാധാരണക്കാരുമായി വിപുലമായ കൂടിക്കാഴ്ചകൾ നിശ്ചയിച്ചിരിക്കുന്നതെന്നും ജനാഭിപ്രായം തേടാൻ കോൺഗ്രസ് തിരഞ്ഞെടുപ്പു മേൽനോട്ട സമിതി ചുമതലപ്പെടുത്തിയ തരൂർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുഡിഎഫ് കേരളത്തിനു വേണ്ടി എന്തു ചെയ്യും എന്നതു മാത്രമല്ല, ജനങ്ങൾ യുഡിഎഫ് സർക്കാരിൽനിന്ന് ആഗ്രഹിക്കുന്നതെന്താണ് എന്നതിനു കൂടി പ്രകടനപത്രിക ഊന്നൽ നൽകും. സ്വാശ്രയ സമൂഹമായി കേരളത്തെ വികസിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങളും യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനുള്ള നിർദേശങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനപത്രിക തയാറാക്കാനുള്ള യുഡിഎഫ് കമ്മിറ്റിയുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളും പ്രഫഷനലുകളും സാധാരണക്കാരുമൊക്കെ ദിവസേന നിർദേശങ്ങളും ആശയങ്ങളും ഇമെയിലിലും അല്ലാതെയും നൽകുന്നുണ്ട്. ഇതു തരംതിരിച്ചു സൂക്ഷിക്കുന്നുണ്ട്. 6 ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി അവസാനം തന്നെ നിർദേശങ്ങൾ കെപിസിസിക്കു കൈമാറും.

ജനങ്ങളുടെ ആഗ്രഹപ്രകാരമുള്ള സർക്കാർ രൂപീകരിക്കാനുള്ള അവസരമാണു യുഡിഎഫിനു മുന്നിലുള്ളത്. മലയാളികൾ ലോകത്തെവിടെപ്പോയാലും കേരളത്തിലുള്ളതിനെക്കാൾ എളുപ്പത്തിൽ വിജയിക്കും എന്നു പറയേണ്ടി വരുന്നതിൽ വിഷമമുണ്ടെങ്കിലും സത്യമാണ്. കേരളത്തിൽ വളരാനുള്ള തടസ്സങ്ങൾ നീങ്ങണം. കേരളത്തിന്റെ ശോഭനമായ ഭാവി മുന്നിൽക്കണ്ടു നയിക്കാനുള്ള കഴിവും അനുഭവപരിചയവും ക്രിയാത്മകശേഷിയും യുഡിഎഫിനുണ്ട്. കേരളത്തിന്റെ ഇന്നലെകളിലെ പരാജയങ്ങൾ മറന്നു നാളത്തെ വിജയം ലക്ഷ്യമിട്ടായിരിക്കും പ്രകടനപത്രിക ഒരുങ്ങുകയെന്നും തരൂർ അറിയിച്ചു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് തരൂരിന് നിർണായക റോൾ നൽകാൻ തീരുമാനിച്ചത്. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ ശശി തരൂർ കേരള പര്യാടനം നടത്തും.

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പിൽ നിർത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡമാക്കില്ല. കൂടാതെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേൽനോട്ട സമിതി തീരുമാനമെടുത്തു.