വടകര: ഘടകകക്ഷിയല്ലെങ്കിലും വടകരയിൽ ആർഎംപി സ്ഥാനാർത്ഥിയായി കെ.കെ രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയാലും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം.

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. എൻ വേണുവിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആർഎംപിയിലെ നീക്കങ്ങൾ. എന്നാൽ യുഡിഎഫ്‌ ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തിൽ കെകെ രമയെ തന്നെ ആർഎംപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ ആർഎംപി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ കെ.കെ രമ ഒറ്റയ്ക്ക് നിന്നപ്പോൾ 20,504 വോട്ട് നേടിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഇത്തവണ 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. ഇതിൽ 81 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി. പത്തെണ്ണത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്നും കോൺഗ്രസ്‌ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായി.