കോഴിക്കോട്: ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ വിവാദമായതാണ് യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിലുള്ള സഖ്യം. പ്രാദേശിക ധാരണ മാത്രമാണ് ഉള്ളതെന്നും ഒന്നിച്ച് വേദി പങ്കിടില്ലെന്നൊക്കെ ഇതേക്കുറിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ പറഞ്ഞെങ്കിലും, കലാശക്കൊട്ടിൽ എല്ലാവും ഇത് മറുന്നു. കോഴിക്കോട് മുക്കം നഗരസഭയിലെ ആറ് വാർഡുകളിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് സംയുക്തമായണ് റാലി നടത്തിയത്. ഇരുപാർട്ടികളുടെയും പ്രവർത്തകർ വലിയ കൂട്ടമായി എത്തി റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കയാണ്.

വിവിധ ജില്ലകളിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുസ്ലിംലീഗും മുന്നണി കൺവീനർ എം എം ഹസ്സനും ആവർത്തിക്കുന്നു. അതേസമയം, ഇതിനെ നിഷേധിക്കുന്ന നിലപാടിൽ മറ്റ് യുഡിഎഫ് നേതാക്കൾ ഉറച്ചുനിൽക്കുന്നു. ഇതിനെല്ലാമിടയിലാണ് ഒറ്റക്കെട്ടായുള്ള കൊട്ടിക്കലാശത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.. നീക്കുപോക്കുണ്ടെന്ന് ലീഗ് തുറന്ന് സമ്മതിക്കുമ്പോഴും ഇത് വരെ കോൺഗ്രസിലേതടക്കം പ്രമുഖ നേതാക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെയാണ് മുക്കത്ത് യുഡിഎഫും വെൽഫെയർ പാർട്ടിയും ഒന്നിച്ച് നിന്ന് പ്രചാരണം നടത്തുന്നത്.

മുക്കം നഗരസഭയിലെ 18, 19, 20, 21, 22, 23 എന്നീ വാർഡുകളിലാണ് യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് പരസ്യമായി കൊട്ടിക്കലാശവും പ്രചാരണവും നടത്തിയത്. ബൈക്ക് റാലിയിൽ നിരവധി പ്രവർത്തകർ ഒന്നിച്ച് പതാകയുമായി എത്തി വൻപ്രചാരണം നടത്തി. മുക്കത്തും ചേന്ദമംഗലൂരുമടക്കം നിരവധി പഞ്ചായത്തുകളിൽ യുഡിഎഫിനും വെൽഫെയർ പാർട്ടിക്കും ഒറ്റ തെരഞ്ഞെടുപ്പ് ഓഫീസാണെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും നല്ല സ്വാധീനമുള്ള പ്രദേശങ്ങളാണ് മുക്കത്തെ മിക്ക പ്രദേശങ്ങളും. സഖ്യമല്ല, ധാരണയാണെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും, ഐക്യത്തോടെ, വൻജനപങ്കാളിത്തത്തോടെയാണ് ഇതേ പ്രദേശങ്ങളുൾപ്പെടുന്ന വാർഡുകളിലെ പ്രവർത്തകർ ബൈക്ക് റാലിയിൽ പങ്കെടുത്തത്.

ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് നേതാക്കൾ നടത്തിയ സഖ്യ ചർച്ചകളായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വാർത്തയായത്. പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും ഈ വിഷയത്തിൽ തർക്കങ്ങൾ തീരുന്നില്ല. വെൽഫെയർ പാർട്ടിയുമായും ആർഎംപിയുമായും നീക്കുപോക്കുണ്ടാക്കാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനമെടുത്തെങ്കിലും മുല്ലപ്പള്ളി ഇത് നിഷേധിച്ചു. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇതേ നിലപാടാണ് ഉമ്മൻ ചാണ്ടിയും സ്വീകരിച്ചത്. വെൽഫെയർ സഖ്യത്തെ ബിജെപിയും സിപിഎമ്മും വലിയ ചർച്ചയാക്കി മാറ്റിയ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം തള്ളിപ്പറയുന്നത്. കൊട്ടിക്കലാശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധാരണ പരസ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുനേതൃത്വവും രംഗത്ത്  എത്തിയിട്ടുണ്ട്.