അടൂർ: കടയിൽ പോകുന്ന തമിഴ് ബാലനെ പണം കൊടുത്ത് വശത്താക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ വയോധികനെ പൊലീസ് പിടിയിൽ. നഗരസഭ 14-ാം വാർഡിൽ ഗോപനിലയം വീട്ടിൽ ഗോപിനാഥ കുറുപ്പിനെ (61)യാണ് ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. സ്വന്തമായി വീടുള്ള കുറുപ്പ് കഴിഞ്ഞ 42 വർഷമായി ഡ്രൈവറാണ്. തികഞ്ഞ മദ്യപാനിയായിരുന്ന കുറുപ്പ് കുടുംബവുമായി അകൽച്ചയിലായിരുന്നു.

പറക്കോട്ടും ഏഴംകുളത്തുമുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന കുറുപ്പ് അതുവഴി പോകുന്ന സ്ത്രീകളെ അശ്ലീലം കാണിക്കുന്നതും പതിവാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഏഴംകുളം പ്ലാന്റേഷൻ ജങ്ഷനിൽ ഉള്ള ഹാർഡ്വെയർ കടയുടെ പുറകിലേക്ക് കുറുപ്പ് കിടപ്പ് മാറ്റിയിരുന്നു. വർഷങ്ങളായി തമിഴ്‌നാട്ടിൽ നിന്നും പ്ലാന്റേഷൻ മുക്കിൽ താമസമാക്കിയ തമിഴ് ബാലനെ ഇതിനിടയിൽ കാണാൻ ഇടയായി. സ്‌കൂൾ ഇല്ലാത്തതിനാൽ കുട്ടി പതിവായി ജങ്ഷനിൽ പോകുന്ന വഴി കുറുപ്പിന്റെ അടുത്തു കൂടി പലതവണ കടന്ന് പോയിരുന്നു. അങ്ങനെ പരിചയമായപ്പോൾ പത്തും ഇരുപതും രൂപ ഇടയ്ക്കിടയ്ക്ക് കൊടുത്തു കുട്ടിയെ വശത്താക്കി.

പരിചയം മുതലെടുത്ത് കുറുപ്പ് കിടക്കുന്ന കടയുടെ പുറകിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാരിൽ ആരോ ഇത് കാണാനിടയാവുകയും വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴിയെടുത്തു. വിവരം അറിഞ്ഞ കുറുപ്പ് രണ്ടു ദിവസം മാറി നിന്നു. തുടർന്ന് ഏറെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടിൽ പോകുകയും സാധനങ്ങൾ എടുത്ത് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. വ്യക്തമായ വിവരം ലഭിച്ച പൊലീസ് പറക്കോട് നിന്നും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ഡോക്ടറോട് പറയുകയും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുള്ളതാണ്. എസ്ഐ ശ്രീജിത്ത്, ബിജു ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ, ഫിറോസ് കെ. മജീദ്, റോബി ഐസക്ക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.