ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ എംഎൽഎമാരുടെ മറുകണ്ടം ചാടൽ തകൃതിയായി നടക്കുന്നു. ബിജെപിയിൽ നിന്നും ഏഴു പേർ കൊഴിഞ്ഞു പോയപ്പോൾ അതേനാണയത്തിൽ തിരിച്ചടിക്കാൻ മറ്റു പാർട്ടികളിൽ നിന്നും നേതാക്കളെ പാർട്ടിയിൽ എത്തിക്കുകയാണ് ബിജെപി. മറുഭാഗത്ത് നിന്ന് മൂന്ന് എംഎൽഎമാരെ പാർട്ടിയിലെത്തിച്ച് രണ്ടു മന്ത്രിമാരേയും അഞ്ച് എംഎൽഎമാരേയും നഷ്ടപ്പെട്ടപ്പെട്ടതിന്റെ ആഘാതം ബിജെപി കുറച്ചു. സമാജ് വാജി പാർട്ടിയിൽ നിന്ന് രണ്ടും കോൺഗ്രസിൽ നിന്ന് ഒരു എംഎൽഎയുമാണ് ബിജെപിയിലെത്തിയത്.

48 മണിക്കൂറിനിടെ രണ്ടു മന്ത്രിമാരേയും നാല് എംഎൽഎമാരേയും നഷ്ടപ്പെട്ട ബിജെപിക്ക് ഇന്നും തിരിച്ചടി നൽകികൊണ്ട് മറ്റൊരു എംഎൽഎയും രാജിവെച്ചു. പിന്നാക്ക വിഭാഗ നേതാവായ ഡോ.മുകേഷ് വർമയാണ് ഇന്ന് പാർട്ടി വിട്ട എംഎൽഎ. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുകേഷ് വർമ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തർപ്രദേശിലെ ദളിത്, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ സമുദായങ്ങൾ, കർഷകർ, തൊഴിൽരഹിതർ എന്നിവരെ അവഗണിക്കുകയാണെന്ന് മുകേഷ് വർമ ആരോപിച്ചു.

എസ്‌പിയിൽ നിന്ന് പുറത്താക്കിയ സിർസഗഞ്ജ് എംഎൽഎ ഹരിഓം യാദവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനമുയർത്തി. സമാജ് വാദി പാർട്ടി ചെരുപ്പ് നക്കികളുടെ പാർട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. മുലായം സിങ് യാദവിന്റെ പാർട്ടിയല്ല എസ്‌പി. ഇപ്പോൾ അഖിലേഷിന് ചുറ്റും വളഞ്ഞിരിക്കുന്ന ചെരുപ്പ് നക്കികളുടെ പാർട്ടിയാണെന്നും ഹരിഓം യാദവ് പറഞ്ഞു. മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള ഹരിഓമിനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എസ്‌പിയിൽ നിന്ന് പുറത്താക്കിയിരുന്നു.

സമാജ് വാജി പാർട്ടിയുടെ മറ്റൊരു എംഎൽഎ ധർമപാൽ സിങും കോൺഗ്രസ് എംഎൽഎ നരേഷ് സൈനിയുമാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ബിജെപി മന്ത്രിമാരായ ധാരാ സിങ് ചൗഹാനും സ്വാമി പ്രസാദ് മൗര്യയും ആറ് എംഎൽഎമാരും പാർട്ടി വിട്ടതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തുള്ള മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.

അതേ സമയും പിന്നാക്ക-ഒബിസി നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് ബിജെപിക്ക് കനത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സീറ്റുമോഹികളാണ് പാർട്ടി വിടുന്നതെന്ന് ബിജെപി പരസ്യമായി ന്യായീകരിക്കുമ്പോഴും രാജിവെച്ചവരെല്ലാം വിവിധ പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ളവരാണെന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. യോഗിക്കെതിര ആരോപണം ഉന്നയിച്ചാണ് നേതാക്കൾ പാർട്ടി വിടുന്നതെന്നുമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്.