വാഷിങ്ടൺ: ചൈനയുടെ ഒരു ആണവോർജ നിലയത്തിൽ ചോർച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തൽ. തായ്ഷാൻ നൂക്ലിയർ പവർ പ്ലാന്റ് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് യുഎസ് ദേശീയ സുരക്ഷ സമിതി കഴിഞ്ഞ ആഴ്ച ഒന്നിലധികം തവണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

അപകടകരമായ തോതിൽ റേഡിയേഷൻ ചോർച്ചയുണ്ടെന്നാണ് ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയത്. എന്നാൽ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകൾ നിറവേറ്റുന്നുവെന്നും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും തായ്ഷാൻ പ്ലാന്റ് അധികൃതർ അറിയിച്ചു.

ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാൻ നിലയം. റേഡിയേഷൻ ചോർച്ച പരിശോധന നടത്തിയെന്നും റേഡിയേഷൻ കണ്ടെത്തുന്നതിനുള്ള സ്വകീര്യമായ പരിധി ചൈനീസ് അധികൃതർ ഉയർത്തിയെന്നും ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേ തുടർന്ന് ചോർച്ച സംബന്ധിച്ച സ്ഥിരീകരണത്തിന് യുഎസ് ഒരാഴ്ചയോളം ചെലവഴിച്ചുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് കമ്പനി കഴിഞ്ഞ ആഴ്ചയാണ് യുഎസ് സർക്കാരിന് സഹായം അഭ്യർത്ഥിച്ച് കത്തെഴുതിയത്.

നിലവിലെ സ്ഥിതിഗതികൾ പ്ലാന്റിലെ തൊഴിലാളികൾക്കോ ചൈനീസ് പൊതുജനങ്ങൾക്കോ കടുത്ത സുരക്ഷാ ഭീഷണിയല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നത്.അതേ സമയം ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിൽ പങ്കാളിത്തമുള്ള ഒരു വിദേശ കമ്പനി ഏകപക്ഷീയമായി സഹായത്തിനായി അമേരിക്കൻ സർക്കാരിനെ സമീപിക്കുന്നത് അസാധാരണമാണ്.

മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ സമിതി ഒന്നിലധികം തവണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.