വാഷിങ്ങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരായി ഫയൽ ചെയ്ത 100 മില്യൻ (10 കോടി) ഡോളറിന്റെ കേസ് തള്ളി യുഎസ് കോടതി. ഹർജി നൽകിയ കശ്മീർ ഖലിസ്ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റു രണ്ടു കക്ഷികളും തുടർച്ചയായി രണ്ടു ഹിയറിങ്ങിനും ഹാജരാകാത്തതിനെ തുടർന്നാണു ടെക്‌സസിലെ സതേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി ഫ്രാൻസസ് എച്ച്.സ്റ്റാസിയുടെ നടപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആയിരുന്നു ഹർജി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പാർലമെന്റ് തീരുമാനം പിൻവലിക്കണമെന്നും നഷ്ടപരിഹാരമായി 100 മില്യൻ ഡോളർ നൽകണം എന്നുമായിരുന്നു ആവശ്യം. മോദിയും ഷായും കൂടാതെ, ലഫ്. ജനറൽ കൻവാൾ ജീത്ത് സിങ് ധില്ലനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ജനറലായ ധില്ലൻ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫുമാണ്.ടെക്‌സസിലെ ഹൂസ്റ്റണിൽ മോദിയുടെ 'ഹൗഡി മോദി' പരിപാടി നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് 2019 സെപ്റ്റംബർ 19നാണു ഹർജി ഫയൽ ചെയ്തത്.

കശ്മീർ ഖലിസ്ഥാൻ റഫറണ്ടം ഫ്രണ്ടിനെ കൂടാതെ ഹർജി നൽകിയ മറ്റു രണ്ടു കക്ഷികൾ ആരെന്നു വ്യക്തമല്ല. 'ടിഎഫ്‌കെ', 'എസ്എംഎസ്' എന്നീ ചുരുക്കപ്പേര് മാത്രമാണ് ഇവരെക്കുറിച്ചുള്ള സൂചനയെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. യുഎസിലെ ഇന്ത്യൻ വംശജർ പങ്കെടുത്ത ഹൗഡി മോദി പരിപാടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തി അഭിവാദ്യം അറിയിച്ചിരുന്നു.