കൊട്ടാരക്കര: ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്റെ മാതാവിനെയും സഹോദരിയെയും കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യമാണ്. കേസിൽ ഏറെ നിർണായകമായ കാര്യം ഇവർ സൂരജ് തെറ്റു ചെയ്തു എന്നറിഞ്ഞിട്ടും അത് മറച്ചുവെക്കാൻ മനപ്പൂർവ്വം ശ്രമിച്ചു എന്നതാണ്. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. ഈ നിരീക്ഷണം തുടരവേയാണ് അന്വേഷണ സംഘത്തിന്റെ കെണിയിൽ ഇരുവരും വീഴുന്നത്.

ഇവർ നല്കിയ മൊഴികളിൽ അടിമുടി വ്യത്യാസം ഉണ്ടായിരുന്നു. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ താൻ വീട്ടിനുള്ളിൽ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നൽകി. ഇതോടെ മൊഴി മാറ്റി. അണലി കടിച്ച ശേഷം മൂന്നര മണിക്കൂർ കഴിഞ്ഞാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. സൂരജിനെ പോലെ ഉത്രയെ ആശുപത്രിയിലെത്തിക്കാൻ വീട്ടുകാരും തിടുക്കം കാട്ടിയില്ലെന്നും പൊലീസ് കണ്ടെത്തി.

ഉത്രയുടെ സ്വർണവും പണവും സംബന്ധിച്ച ചോദ്യങ്ങളിലും ഒഴിഞ്ഞുമാറ്റ നിലപാടായിരുന്നു ബന്ധുക്കൾക്ക്. ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റി. പിന്നീട് വീട്ടുകാർക്ക് കൈമാറി. സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട വിവരം പൊലീസ് അറിയുന്നത്.

കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ മറന്നു പോയെങ്കിലും രേണുക സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തു. ഇതോടെ സംശയം ബലപ്പെട്ടു.എന്നാൽ കൊലപാതകത്തിൽ സൂരജിനൊഴികെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ഇവരെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചില്ല.

ഉത്രയുടെ മാതാപിതാക്കൾ ഒട്ടേറെ തെളിവുകൾ നൽകിയതും അറസ്റ്റിനു വഴിവച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ.അശോകൻ, എസ്‌ഐ: ഡി.രമേശ്കുമാർ, എഎസ്‌ഐമാരായ ആശിഷ് കോഹൂർ, സി.മനോജ്കുമാർ, ജെ.എം.മിർസ, സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ പ്രസാദ്, മിനി, ടി.ഷീബ എന്നിവരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും രേണുകയ്ക്കും മകൾക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തിൽ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഗാർഹിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തിൽ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും പ്രതിചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷ്, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കൾ വനിതാകമ്മീഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വനിതാ കമ്മീഷന്റെ കേസിൽ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ രേഖാ മൂലം നിർദ്ദേശം നൽകിയിരുന്നു. ഇതുകൊല്ലം റൂറൽ പൊലീസിന് കൈമാറുകയായിരുന്നു. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോൾ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നു.

ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങൾ നടത്തിയത്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി. ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷൻ ഉടനടി കേസെടുത്തത്. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാൽ കൊലപ്പെടുത്തി മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.