പാലക്കാട്: പണം ഇരട്ടിയാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തു കേരളത്തിലും തമിഴ് നാട്ടിലുമായി വൻ തട്ടിപ്പു നടത്തിയ യുടിഎസ് കമ്പനി മാനേജിങ് ഡയറക്ടർ ഗൗതം രമേഷും കൂട്ടാളിയും അറസ്റ്റിൽ. ആയിരക്കണക്കിന് ആളുകളിൽ നിന്നും കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പത്ത് പൈസ മടക്കി നൽകാതെ മാസങ്ങളായി മുങ്ങി നടക്കുകയായിരുന്ന ഗൗതം രമേഷിനെ ഇന്നലെ തമിഴ്‌നാട് സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം സേലത്തുനിന്നാണ് പിടികൂടിയത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻസ് (യുടിഎസ്) കമ്പനി 3,500 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നാണു നിഗമനം.

പത്തു മാസം കൊണ്ട് പണം ഇരട്ടിയാക്കി നൽകാമെന്ന് മോഹിപ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ഇയാൾ തട്ടിപ്പു നടത്തിയത്. ഇയാളുടെ വലയിൽ വീണവരെല്ലാം കബളിപ്പിക്കപ്പെടുകയായിരുന്നു. ഭൂരിഭാഗം നിക്ഷേപകരും മലയാളികളാണ്. പ്രതികളെ ഇന്നു മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കുമെന്നു സേലം എസിപി ഭൂപതി രാജൻ പറഞ്ഞു. ഗൗതം രമേഷിനെതിരെ കേരളത്തിൽ ഒട്ടേറെ കേസുകളുള്ള സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള ശ്രമം നടത്തുമെന്നു കേസ് അന്വേഷിക്കുന്ന മലപ്പുറം നർകോട്ടിക് സെൽ ഡിവൈഎസ്‌പി പി.പി. ഷംസ് പറഞ്ഞു. കേരള പൊലീസിലെ പ്രത്യേക സംഘം ഇന്നലെ തന്നെ സേലത്തേക്കു പുറപ്പെട്ടു.

അതേസമയം ഇയാളുടെ തട്ടിപ്പ് പിടിക്കപ്പെട്ടിട്ടും ഇടപാടുകാരെ വിശ്വസിപ്പിക്കാനും വീണ്ടും പണം തട്ടാനും ഇയാൾ ശ്രമിച്ചിരുന്നു. 25,000 രൂപ കൂടി നൽകിയാൽ നേരത്തേ നിക്ഷേപിച്ച തുകയും ഈ തുകയും ഒരുമിച്ച് നൽകുമെന്ന ഓഫറും മാർച്ചിൽ ഇയാൾ നിക്ഷേപകർക്ക് മുന്നിൽ നടത്തിയിരുന്നു. മെർജിങ് ഫണ്ട് എന്ന പേരിലാണു തുക ചോദിക്കുന്നത്. യുടിഎസിൽ ഇടപാടു നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉടമ ഗൗതം രമേഷിന്റെ 'പേ മാക്സ്' എന്ന പുതിയ കമ്പനിയുടെ പേരിലാണു തുക ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് ഇടപെട്ടതോടെ ജനങ്ങൾ ഈ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെട്ടു.

കേരളത്തിൽ നിരവധി ആളുകൾ പരാതിയുമായി എത്തിയതോടെ ഗൗതം രമേഷിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേരള പൊലീസ് സംഘം കോയമ്പത്തൂരിൽ ഇയാളുടെ ഓഫിസുകളിൽ അന്വേഷണത്തിന് എത്തി ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. ഇയാളുടെ ഓഫിസിൽനിന്നു കംപ്യൂട്ടറും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകൾ തടസ്സപ്പെട്ടതോടെ അന്വേഷണം നിലച്ചു.

അതേസമയം, ഇടപാടുകാരുടെ പരാതികൾക്കു പരിഹാരം കാണാനും പണം തിരികെ നൽകാനുമുള്ള നടപടികൾ സ്വീകരിക്കാനും മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സെറ്റിൽമെന്റ് ജുഡീഷ്യൽ കമ്മിഷൻ മുഖേന ഇതുവരെ ആർക്കും പണം തിരികെ ലഭിച്ചില്ല. പരാതികൾ സ്വീകരിച്ച ശേഷം മദ്രാസ് ഹൈക്കോടതിക്കു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.എൻ. ബാഷ പറഞ്ഞു.

ഇതിനിടെ ഈ കേസ് അന്വേഷിച്ചിരുന്ന തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി രാമകൃഷ്ണനെ സാമ്പത്തിക അഴിമതിയുടെ പേരിൽ തമിഴ്‌നാട് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. പത്തു മാസം കൊണ്ടു പണം ഇരട്ടിയാക്കാമെന്നു വാഗ്ദാനം ചെയ്തു 3500 കോടി രൂപയാണ് പിരിച്ചത്. യുടിഎസ് നിക്ഷേപകരിൽ നിന്നും 8000 കോടി രൂപയാണ് പിരിച്ചതെന്ന് കമ്പനി മുൻ വൈസ് പ്രസിഡന്റും പറയുന്നു. എന്നാൽ ഇപ്പോൾ കമ്പനിയും പണവും ഇല്ല. ഇരട്ടി പണം മോഹിച്ച് നിക്ഷേപിച്ചവർക്കെല്ലാം പണം നഷ്ടമാകുകയും ചെയ്തു.