തിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് എകെജി സെന്ററിൽ നിന്നുള്ള ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ സിപിഐഎം-ബിജെപി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ കോൺഗ്രസിനുമേൽ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസിന്റെ മതേതര നിലപാടിൽ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാർ തൊപ്പി കോൺഗ്രസിന്റെ തലയിൽ വയ്ക്കാമെന്ന് ആരും കരുതരുത്. ആ തൊപ്പി ചേരുന്നത് സിപിഐഎമ്മിന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന എ വിജയരാഘവന്റെ പരാമർശത്തിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമാണെന്നടക്കം പരാമർശങ്ങളായിരുന്നു എ വിജയരാഘവൻ നടത്തിയത്. തിരുവനന്തപുരം ജിപിഒയിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സിപിഐഎം ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം.

14 ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാൻ കോൺഗ്രസ് നേരിട്ട ബുദ്ധിമുട്ട് എല്ലാവരും കണ്ടതാണ്. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നില്ല. നയങ്ങളാണ് പ്രധാനം എന്ന് എന്നാണ് ഇനി കോൺഗ്രസ് തിരിച്ചറിയുക. മുസ്ലിം ലീഗിലും ഇപ്പോൾ ഹരിത വിപ്ലവമാണ്. നേരത്തെ യുഡിഎഫിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മധ്യസ്ഥം പറയാൻ നിന്നിരുന്നത് ലീഗിപ്പോൾ സ്വന്തം പ്രശ്‌നം തീർക്കാൻ ബുദ്ധിമുട്ടുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.