തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന പിഴ ചുമത്തലിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയിൽ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസൻസാകും. അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി മൂപ്പന്റെ കുടുംബത്തെ മർദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളിൽ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. എന്നാൽ പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

ഷോളയൂരിലെ ആദിവാസി മൂപ്പന്റെ മകനും സമൂഹിക പ്രവർത്തകനുമായ മുരുഗനെ കൊലക്കേസ് പ്രതിയെപ്പോലെ കൈവിലങ്ങണിയിച്ചാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ കൈനഗിരിയിൽ ഡോക്ടറുടെ കരണക്കുറ്റിക്ക് അടിച്ച സിപിഎം ലേക്കൽ സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും അറസ്റ്റു ചെയ്യാൻ തയാറാകാത്ത പൊലീസാണ് ആദിവാസികളെ ഉൾപ്പെടെ ആക്രമിക്കുന്നത്. മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിച്ച പൊലീസ് തന്നെയാണല്ലോ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഷോളയൂരിൽ ആദിവാസി കുടുംബത്തിനെതിരായ അതിക്രമവും സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശൻ.

പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നതിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പിതൃ തർപ്പണത്തിന് പോയവർക്കും പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ രണ്ടു പെൺകുട്ടികൾക്കും പൊലീസ് പെറ്റി നൽകി. പൊലീസ് തെറ്റു ചെയ്താൽ തെറ്റാണെന്ന് മുഖ്യമന്ത്രി പറയണം. പൊലീസ് എന്ത് എഴുതിക്കൊടുത്താലും അതു വായിച്ച് ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.

ഭാര്യയെ മറ്റൊരാൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഷോളയൂരിലെ മുരുഗൻ പൊലീസിന് പരാതി നൽകിയത്. കേസെടുക്കാത്തതിനെ തുടർന്ന് എ.എസ്‌പിയെ നേരിൽ കണ്ടും പരാതിപ്പെട്ടു. അങ്ങനയുള്ള ആളെയാണ് അതിരാവിലെ കിടക്കപ്പായിൽ നിന്നും പിടിച്ചുകൊണ്ടു പോയത്. അംഗപരിമിതിയുള്ള മുരുഗന്റെ മകനെയും ആക്രമിച്ചു. വാദിയെ പ്രതിയാക്കുന്ന രീതിയാണ് ഷോളയൂരിൽ നടന്നത്. പൊലീസ്- ഭൂ മാഫിയാ ബന്ധമാണ് ഇതിനു പിന്നിൽ. ഭൂ മാഫിയയുടെ ചില്ലിക്കാശിനു വേണ്ടിയാണ് പൊലീസ് പ്രവർത്തിച്ചത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ഏഴാം സ്ഥാനത്താണ് കേരളം.

മട്ടന്നൂരിൽ എസ്.സി പ്രമോട്ടറെ എക്സൈസ് സംഘം മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ പോലും തയാറായിട്ടില്ല. മുട്ടിൽ മരം മുറി കേസിലെ പ്രതികളായ മരംമുറി ബ്രദേഴ്സിനെ അവരുടെ അമ്മ മരിച്ചപ്പോൾ പുറത്തിറങ്ങേണ്ടി വന്നതിനാൽ മാത്രമാണ് അറസ്റ്റു ചെയ്തത്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും പാവങ്ങൾക്കും എതിരെ ഇരട്ട നീതിയാണ് പൊലീസ് നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.