കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങളോട് പ്രതികരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സിൽവർ ലൈനിനെതിരെ പരാതി ഉന്നയിച്ചപ്പോൾ ദേശദ്രോഹികളുടെ ഒപ്പം നിന്നു സംസാരിക്കുന്നു എന്നാണ് പിണറായി വിജയൻ പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും. പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളാണെന്നും പറയുമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ഞങ്ങളുടെ അടുത്ത് അതൊന്നും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിൽവർ ലൈനിനെ സംബന്ധിച്ച് പ്രതിപക്ഷം മൂന്ന് പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതപഠനം നടത്താതെ, ഇതുപോലൊരു പ്രോജക്ടുമായി മുന്നോട്ടുപോകാൻ എങ്ങനെ സർക്കാരിന് ധൈര്യം വരുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു.

സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ് എങ്ങനെയാണ് ഇത് മാനേജ് ചെയ്യുന്നത്. സ്റ്റേറ്റ് തകർന്ന് തരിപ്പണമായിരിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ പറയുന്നത്. പദ്ധതിയിൽ സുതാര്യത വേണം. ഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം സാഡിസ്റ്റ് എന്നും ദേശദ്രോഹി എന്നും വിളിച്ച് ആക്ഷേപിച്ചിട്ട് എന്തു കാര്യമെന്നും സതീശൻ ചോദിച്ചു.

വിവാദങ്ങൾക്കിടെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനവുമായി കെ റെയിൽ മുന്നോട്ട്. പഠനത്തിന്റെ ഭാഗമായി അലൈന്മെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയിൽ ഇന്നലെ അറിയിച്ചിരുന്നു. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും. 1961ലെ കേരള സർവ്വേ അതിരടയാളനിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സർവ്വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷൽ തഹസീൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശ്ശൂർ ജില്ലയിലെ, തൃശ്ശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാതനിർമ്മിക്കുന്നത്. പാത യാഥാർത്ഥ്യമാകുന്നതോടെ കാസർകോട്ട് നിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.