ചെന്നൈ: അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയാണെന്നു വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്തും പാർട്ടി പതാക ഉയർത്തിയും വീണ്ടും ശശികല രംഗത്തെത്തി. പാർട്ടി സുവർണ ജൂബിലിയോട് അനുബന്ധിച്ച് ടി നഗറിലെ എംജിആർ സ്മാരകത്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പാർട്ടിക്കും ജനനന്മയ്ക്കും വേണ്ടി എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ മികച്ച വിജയം നേടുമെന്നും ശശികല പറഞ്ഞു. പാർട്ടി പ്രവർത്തകർക്കു മധുരം വിതരണം ചെയ്ത ശശികല രാമപുരത്തെ എംജിആറിന്റെ വീടും സന്ദർശിച്ച ശേഷമാണു മടങ്ങിയത്.

അതേസമയം, ഫലകത്തിൽ പേരെഴുതിയതു കൊണ്ടു മാത്രം ആരും പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ജനറൽ സെക്രട്ടറി പദം ദുരുപയോഗിച്ചതിനും പാർട്ടി പതാക കാറിൽ സ്ഥാപിച്ചതിനുമെതിരെ കോടതിയെ സമീപിക്കുമെന്നും അണ്ണാഡിഎംകെ നേതാവ് ഡി.ജയകുമാർ പറഞ്ഞു.

ജയലളിതയുടെ മരണത്തിനു പിന്നാലെ ശശികല പാർട്ടി ജനറൽ സെക്രട്ടറിയായെങ്കിലും അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിലായതോടെ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയ ശേഷം ജനറൽ സെക്രട്ടറി പദവിയും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ശശികല നൽകിയ പരാതി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.