തിരുവനന്തപുരം: ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനീയറിങ് കോളേജിലെ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾക്ക് പിന്നാലെ വാക്‌പോരും തുടരുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കേണ്ട മുതിർന്നവർ ചേരിതിരിഞ്ഞ് വാക്പോര് നടത്തുന്നത് നാണക്കേടാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്‌ത്തിയെന്ന് വീരസ്യം പറയുന്ന പാർട്ടി പ്രസിഡന്റും കൈകൾ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവർഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടിൽ കുട്ടികൾ തമ്മിൽ കുത്തിമരിക്കുന്നതിൽ അദ്ഭുതമില്ല.ആശാൻ നിന്നു പാത്താൽ ശിഷ്യർ നടന്നു പാത്തും. ഈ പഴഞ്ചൊല്ലാണ് ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

'ആശാൻ നിന്നു പാത്താൽ ശിഷ്യർ നടന്നു പാത്തും. ഈ പഴഞ്ചൊല്ലാണ് ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ യാഥാർഥ്യമാകുന്നത്.പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്‌ത്തിയെന്ന് വീരസ്യം പറയുന്ന പാർട്ടി പ്രസിഡന്റും കൈകൾ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവർഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടിൽ കുട്ടികൾ തമ്മിൽ കുത്തിമരിക്കുന്നതിൽ അദ്ഭുതമില്ല.

ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെയാണ് പുതുതലമുറ സൂപ്പർ ഹീറോകളായി കാണുന്നത്. 'കേഡറും സെമി കേഡറും' കൂടി ചെറുപ്പക്കാരുടെ ചോരവീഴ്‌ത്താൻ മൽസരിക്കുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കേണ്ട മുതിർന്നവർ ചേരിതിരിഞ്ഞ് വാക്പോര് നടത്തുന്നത് നാണക്കേടാണ്.

ലഹരിയും കത്തിയും കൊടുത്ത് കുട്ടികളെ നാടിനും വീടിനും കൊള്ളാത്തവരാക്കുന്നത് എന്തിനു വേണ്ടിയാണ്....? രക്തസാക്ഷികളെയല്ല, മികച്ച വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും സിദ്ധിച്ച ചെറുപ്പക്കാരെയാണ് രാജ്യത്തിന് ആവശ്യം. കണ്ണീരണിഞ്ഞ അമ്മമാരല്ല, മക്കളെയോർത്ത് അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഈ നാട്ടിലുണ്ടാവേണ്ടത്. അത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്.