തിരുവനന്തപുരം: പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയിൽ സൂപ്പർ പ്രിയ അപ്പാർട്‌മെന്റ് ഫ്‌ളാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ ഒന്നാം പ്രതി നവീൻ സുരേഷിന് ജാമ്യമില്ല. 55 ദിവസമായി റിമാന്റിൽ കഴിയുന്ന പ്രതിക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി 2012 മുതൽ വധശ്രമമടക്കം അനവധികേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ട് ജയിൽ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളിൽ പ്രതിയായതെന്നും നിരീക്ഷിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ ജാമ്യം നിരസിച്ചത്.

ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തൽ കുറ്റസമ്മത മൊഴികൾ പ്രകാരം പ്രതികൾ കൃത്യത്തിനുപയോഗിച്ച കാർ , മോട്ടോർ സൈക്കിൾ, കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പൊലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു. കാറിൽ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറിൽ പതിഞ്ഞത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

2021 ഏപ്രിൽ 3 ന് അർദ്ധരാത്രിയിലാണ് റെസിഡന്റ് സ് ഏരിയയിലുള്ള അപ്പാർട്ട്‌മെന്റിൽ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്‌ളാറ്റ് നിവാസികൾ മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ഓൺലൈൻ പെൺവാണിഭം നടത്തുന്നയാളാണ് വലിയശാല നിവാസിയും 34 കാരനുമായ വൈശാഖ്. ഫ്‌ളാറ്റിൽ പെൺവാണിഭം നടത്തിവന്ന ആറ്റുകാൽ സ്വദേശി നവീൻ സുരേഷ്, കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു, നെടുമങ്ങാട് സ്വദേശിനി ഷീബ, മലയിൻകീഴ് സ്വദേശി സജീവ്, ശിവപ്രസാദ്, ബാംഗ്ലൂർ സ്വദേശിനി കവിത എന്നിവരാണ് കൊലക്കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

ഒന്നാം പ്രതി നവീൻ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്‌സ് റാക്കറ്റിന്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീൻ. വൈശാഖ് മറ്റൊരു പെൺവാണിഭ സംഘത്തിന്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വെബ്‌സൈറ്റിൽ പരസ്യം നൽകി വൈശാഖ് പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിച്ചു നൽകാറുണ്ട്. കരമന അപ്പാർട്ട്‌മെന്റിൽ പെൺവാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേർന്ന് സമീപത്തെ മുറിയിൽ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി.

കത്തിയുമായെത്തിയ നവീൻ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാൻ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി. തുടർന്ന് നടന്ന കത്തിക്കുത്തിൽ രക്തം വാർന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകൾ മൃതദേഹത്തിൽ കാണപ്പെട്ടു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.