തിരുവനന്തപുരം: നടൻ വലിയശാല രമേശിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളായിരുന്നെന്ന വെളിപ്പെടുത്തലുമായി ആത്മസുഹൃത്ത് രംഗത്ത്. മരിച്ച ദിവസം വൈകുന്നേരം രമേശിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ട സുഹൃത്ത് രാഹുലാണ് രമേശിന്റെ രണ്ടാംഭാര്യ മിനിയ്‌ക്കെതിരെ തുറന്നുപറച്ചിലുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ദാമ്പത്യ പ്രശ്‌നങ്ങൾ പലപ്പോഴായി അദ്ദേഹം എന്നോട് വെളിപെടുത്തിയിട്ടുണ്ട്. രണ്ടാം ഭാര്യ മിനി പ്രശ്‌നമാണെന്ന് രമേശ് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മരിക്കുന്ന ദിവസം രമേശിനെ വീട്ടിൽ കൊണ്ടുവിട്ടപ്പോൾ പിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിന് വിളിക്കണമെന്ന് പറഞ്ഞ് പോയയാള്ഡ അന്ന് രാത്രി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല - രാഹുൽ പറയുന്നു. ഭാര്യ വല്ലാതെ ശല്യപ്പെടുത്തുന്നുവെന്ന് മരിക്കുന്ന അന്നും പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തിയാൽ താൻ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങൾ ചത്താൽ കാനഡയിലെ മകൻ വായ്ക്കരിയിടാൻ പോലും വരില്ല എന്നാണ് ഭാര്യ പ്രതികരിച്ചതെന്നും രമേശ് എന്നോട് പറഞ്ഞു. തമ്പാനൂർ പൊലീസിന് കൊടുത്ത മൊഴിയിൽ ഞാൻ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. രാഹുൽ പറയുന്നു.

രമേശ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവർ എന്നെ വിളിച്ചിരുന്നു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടൻ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവർ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നം ആണെന്ന് രമേശേട്ടൻ എന്നോടു പറഞ്ഞിരുന്നു. ഞാനത് പൊലീസിനോട് പറയും എന്ന് ഞാൻ മറുപടിയും നൽകി. എന്നാലും ഇയാൾ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നായിരുന്നു അപ്പോൾ അവരുടെ പ്രതികരണം. പോയപ്പോൾ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി എന്നും പറഞ്ഞു.

ഇപ്പോൾ രണ്ടാം ഭാര്യ എനിക്ക് എതിരെ കഥകൾ ഇറക്കുകയാണ്. മാത്രമല്ല അവർ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേശ് അവരോട് എന്തെങ്കിലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമൺ സുഹൃത്തുക്കളേയും വിളിച്ചെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ സംശയം ആണെനിക്ക്. ഞാൻ ഇത് തമ്പാനൂർ പൊലീസിനോടും പറഞ്ഞിട്ടുണ്ട്.

വലിയശാലയിലെ വീട് മകൻ ഗോകുലിന്റെ പേരിൽ എഴുതിയപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങളാണിത്. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ് പറഞ്ഞത്. പിറ്റെന്നത്തെ ഷൂട്ടിന്റെ ഡയറക്ടറും അന്ന് ഞങ്ങളുടെകൂടെയുണ്ടായിരുന്നു. രമേശിന്റെ വിഷമങ്ങൾ കേട്ടപ്പോൾ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങൾ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടർ പറഞ്ഞതെന്നും രാഹുൽ പറയുന്നു.

ഞാൻ വീട്ടിൽ കൊണ്ടുവിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്. രാവിലെ ഏഴരയ്ക്ക് ഞാൻ റെഡിയായി നിൽക്കും. കൃത്യസമയത്ത് വണ്ടി വന്നില്ലെങ്കിൽ എന്റെ വായിൽ നിന്ന് നീ കേൾക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയതെന്നും രാഹുൽ ഓർക്കുന്നു.