വർക്കല: കോടികൾ വിലമതിക്കുന്ന ഭൂസ്വത്തിനു കൂടി ഉടമയായ കരാറുകാരൻ ശ്രീകുമാറിന്റെ കുടുംബസമേതമുള്ള ആത്മഹത്യയുടെ കാരണങ്ങൾ തേടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഏറ്റെടുത്ത കരാറുകളിൽ ചിലത് ഏൽപിച്ച ഉപകരാറുകാരൻ ചതിച്ചപ്പോൾ കനത്ത സാമ്പത്തിക ബാധ്യത വരുത്തിയെന്ന കാര്യത്തിനൊപ്പം ലോൺ തിരിച്ചടവിന് ബാങ്കിൽ നിന്നുള്ള കടുത്ത സമ്മർദവും കത്തിൽ പറയുന്നുവന്നാണ് സൂചനയാണ് പുറത്തുവരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയായാണ് പൊലീസ്.

വെട്ടൂർ സ്വദേശി ശ്രീകുമാർ(60) , ഭാര്യ മിനി (55) , മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ വർക്കലയിലെ വീട്ടിൽ കണ്ടെത്തിയത്. ചിലർ ചതിച്ചതോടെ വലിയ കടബാധ്യതയുണ്ടായി എന്ന് കുറിപ്പിൽ ശ്രീകുമാർ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. കരാർ ജോലികൾ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരൻ ചതിച്ചെന്നും ഉപകരാറുകാരൻ ജോലികൾ കൃത്യമായി ചെയ്തു തീർക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികൾ തീർത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും കുറിപ്പിൽ പറയുന്നു.

മികച്ച സാമ്പത്തിക അടിത്തറ ഉണ്ടായിട്ടും വൻ ബാധ്യതയിൽ നിന്നും കരകയറാൻ കഴിയില്ലെന്ന ബോധ്യത്തിലാകാം മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെനു കരുതുന്നു. അടുത്ത ബന്ധുക്കളോടു മാത്രം ആത്മഹത്യയുടെ വക്കിലാണെന്നു ശ്രീകുമാർ സൂചന നൽകിയിരുന്നുവത്രേ.വീടിനുള്ളിൽ സ്വയം തീകത്തിച്ചു മരിച്ച അയന്തി ശ്രീലക്ഷ്മിയിൽ ശ്രീകുമാറിന്റെയും ഭാര്യ മിനിയുടെയും മകൾ അനന്തലക്ഷ്മിയുടെയും മൃതദേഹങ്ങൾ തൈയ്ക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് മൂന്നു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകുമാറും ഭാര്യയും ഒപ്പുവച്ച ആത്മഹത്യക്കുറിപ്പാണ് ശേഷിച്ച പ്രധാന തെളിവ്. ഇതു കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് പറഞ്ഞു.കുറിപ്പിൽ പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അറിയാൻ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കേണ്ടി വരും.

കത്തിൽ പരാമർശിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ഉപകരാറുകാരനെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കും. ശ്രീകുമാറിന്റെ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറി മുഴുവനും അഗ്‌നിക്കിരയായപ്പോൾ ആത്മഹത്യക്കുറിപ്പ് സുരക്ഷിതമായി അടുത്തുള്ള മറ്റൊരു മുറിയിലാണ് സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. കത്തിലെ വിവരങ്ങളുമായി കൂട്ടിയോജിപ്പിക്കാൻ പാകത്തിൽ തെളിവു ശേഖരണത്തിന്റെ ഭാഗമായി അടുത്ത ബന്ധുക്കളിൽ നിന്നുള്ള മൊഴികളും പൊലീസ് രേഖപ്പെടുത്തിത്തുടങ്ങി.

എംഇഎസ് കരാറുകാരനായിരുന്നു ശ്രീകുമാർ. ഉപകരാറുകാരന്റെ ചതിയിൽപ്പെട്ട ശ്രീകുമാർ വീടും പുരയിടങ്ങളും ബാങ്കിൽ പണയപ്പെടുത്തി ലോൺ എടുത്താണ് കോൺട്രാക്ട് പണികൾ തീർത്തത്. ബില്ലുകൾ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാൽ, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തിൽ വരവുവെക്കുകയും ലോൺ തുക അതേപോലെ നിലനിൽക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോണിൽനിന്ന് കരകയറാനായി ഭൂമി വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

പഠിക്കാൻ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഹൈദരാബാദിൽ ഗവേഷക വിദ്യാർത്ഥിയുമായിരുന്നു. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. എന്നാൽ ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് പുകയുയരുന്നതും ശ്രദ്ധയിൽപെട്ടു. തുടർന്ന് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.