കോഴിക്കോട്: കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന കെ പി അനിൽ കുമാറിനെ പേരെടുത്ത് പറയാതെ മദ്യപാനിയെന്ന് ആക്ഷേപിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഇന്ന് എട്ടാം പേജിൽ പ്രസിദ്ധീകരിച്ച കൂടെയൊരു പൂച്ചക്കുഞ്ഞു പോലുമില്ലാതെ നാണം കെടുന്നു: കാലു മാറ്റക്കാർക്ക് ചുവപ്പുവിരിക്കുന്നതിൽ സി പി എമ്മിലും അമർഷം എന്ന തലക്കെട്ടിൽ വന്ന വാർത്തയിലാണ് ഈ ആക്ഷേപം.

കൂടെയൊരു പൂച്ചക്കുഞ്ഞ് പോലുമില്ലാത്ത 'പ്രമുഖരെ' സ്വീകരിച്ച് സിപിഎം നാണംകെടുന്നു. കോൺഗ്രസിൽ നിന്ന് അച്ചടക്ക നടപടിക്ക് വിധേയരായവരും പുനഃ സംഘടനയിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായവരും പുതിയ മേച്ചിൽപ്പുറം തേടുമ്പോൾ അവർക്ക് ചുവന്ന പരവതാനി വിരിക്കുന്നതിൽ സിപിഎമ്മിലും കടുത്ത അമർഷം പുകയുകയാണ് എന്നാണ് വാർത്തയുടെ തുടക്കം.

ചാനൽ ചർച്ചയ്ക്കിടയിൽ മദ്യ ലഹരിൽ നാവു കുഴഞ്ഞ് മര്യാദയില്ലാത്ത ഭാഷയിൽ കോൺഗ്രസ് നേതൃത്വത്തെ ആക്ഷേപിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഒരു നേതാവിനെ കഴിഞ്ഞ ദിവസം സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരത്ത് എകെജി സെന്ററിലേക്ക് അദ്ദേഹം കടന്നു ചെന്നപ്പോൾ ഒരു നേതാവും ഇറങ്ങിവന്ന് സ്വീകരിച്ചില്ല. ഓഫിസിലേക്ക് കടന്നുവന്ന അദ്ദേഹത്തിനൊപ്പം മാധ്യമ പ്രവർത്തകർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ പിബി അംഗം കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിക്കുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ആസ്ഥാനത്തും ഒരു പ്രവർത്തകനെയോ നേതാവിനെയോ കൂുടെ കൊണ്ടുവരാൻ പോലുമാവാത്ത വിധത്തിൽ തന്റെ 'ജനകീയത' വെളിവാക്കിയാണ് നേതാവ് പത്രസമ്മേളനം നടത്തിയത്. സാധാരണ നിലയിൽ ഏതെങ്കിലും പ്രമുഖ നേതാവ് മറ്റൊരു പാർട്ടിയിൽ ചേക്കേറുമ്പോൾ കൂടെ പത്തുപേരെങ്കിലും കാണും. എന്നാൽ ഈ നേതാവിന്റെ കൂടെ സ്വന്തം വീട്ടുകാർ പോലുമില്ലെന്ന പരിഹാസമാണ് സിപിഎമ്മിൽ നിന്നുൾപ്പെടെ ഉയരുന്നത്. - എന്ന് പത്രം പറയുന്നു.

കെ പി അനിൽ കുമാറിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിലും വാർത്തയിൽ പറയുന്ന നേതാവ് അനിൽ കുമാറാണെന്ന് ആർക്കും വ്യക്തമാകും. കെ സുധാകരനെ ഉൾപ്പെടെ നേരത്തെ ചാനൽ ചർച്ചയിൽ അനിൽ കുമാർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചപ്പോൾ അദ്ദേഹം മദ്യലഹരിയിലാണെന്ന് വ്യക്തമാണെന്ന് കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ പരിഹസിച്ചിരുന്നു. ഇക്കാര്യമാണ് പാർട്ടി മുഖപത്രവും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്ത അവസ്ഥയിൽ വ്യക്തിഹത്യ നടത്തുകയാണ് വീക്ഷണം ചെയ്യുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ സ്വീകരണം നൽകിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. രാവിലെ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നെത്തിയ അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് നടത്തിയ പത്രസമ്മേളനത്തെയും വീക്ഷണം പരിഹസിക്കുന്നുണ്ട്.

കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് പരാതിപ്പെട്ട് പുറത്തുപോയ നേതാവിനോട് ടി പി, ശരത് ലാൽ, കൃപേഷ് വധക്കേസുകളിലെ സിപിഎം പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇനിമേൽ അഭിപ്രായം പറയാൻ പാർട്ടി സെക്രട്ടറിയുടെ അനുമതി വേണമെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു. ടി പി കേസിൽ കുറ്റാരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറിയെ അടുത്ത് ഇരുത്തിയായിരുന്നു പഴയ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിൽ. ചാനൽ ചർച്ചകളിലുൾപ്പെടെ പാർട്ടിയെയും സർക്കാറിനെയും അധിക്ഷേപിച്ചുവന്ന ഇദ്ദേഹത്തിന്റെ പഴയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതും സിപിഎമ്മിനുള്ളിൽ കടുത്ത ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. മാർക്‌സിസവും കമ്മ്യൂണിസവും എന്താണെന്ന് ഇദ്ദേഹത്തെ പഠിപ്പിച്ചെടുക്കുമെന്നാണ് ഒരു നേതാവ് പരിഹാസത്തോടെ പ്രതികരിച്ചതെന്നും പത്രത്തിലെ വർത്തയിൽ വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസ് ഈയിടെ പുറത്താക്കിയ രണ്ട് മുൻ കെപിസിസി ഭാരവാഹികളും എകെജി സെന്ററിലെത്തിയെങ്കിലും ഇരുവർക്കും പാർട്ടി അംഗത്വം നൽകുന്നകാര്യത്തിലും പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ഇരുവരെയും ആറു മാസം നിരീക്ഷണത്തിൽ വെക്കാനാണ് പാർട്ടി മേൽഘടകം നിർദ്ദേശം നൽകിയത്. ഇരുവരെയും ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലാക്കിയെന്ന പരിഹാസമാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്.

ദശാബ്ദങ്ങൾ സിപിഎമ്മിനുവേണ്ടി പടിപടിയായി പ്രവർത്തിച്ചവരെ തഴഞ്ഞ് ഇന്നലെ കടന്നുവന്നവർക്ക് സ്ഥാനമാനങ്ങളും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളും നൽകുന്നതും കടുത്ത ആക്ഷേപത്തിന് ഇടയാക്കുകയാണ്. പാർട്ടി സമ്മേളനങ്ങളിൽ ഇതെല്ലാം ചർച്ചയാവുമെന്ന സൂചന കൂടിയാണ് താഴെത്തലത്തിലുള്ള നേതാക്കളിൽ നിന്നുവരുന്ന പ്രതികരണം വ്യക്തമാക്കുന്നത്.

അണികൾ കൂടെയില്ലാത്ത നേതാവ് എന്ന ആക്ഷേപം ഇപ്പോൾ ഭാഗ്യം തേടിപ്പോയവർക്ക് ഭാവിയിൽ സിപിഎമ്മിനുള്ളിൽ വലിയ അയോഗ്യതയാവാനും സാധ്യതയുണ്ട് എന്നും പത്രം പ്രവചിക്കുന്നുണ്ട്. കോഴിക്കോടു നിന്നുള്ള നേതാവിനെ പുറത്താക്കിയ വിവരം അറിഞ്ഞ് ഒരുകൂട്ടം കെ എസ് യു പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി മിഠായ്‌ത്തെരുവിൽ മധുരം വിതരണം ചെയ്താണ് ആഘോഷം നടത്തിയത്. ചിലരെല്ലാം ഒഴിഞ്ഞുപോയാൽ സംഘടന ശുദ്ധീകരിക്കപ്പെടുമെന്ന പൊതുവികാരമാണ് കോൺഗ്രസ് അനുകൂല സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറയുന്നതെന്നും വാർത്തിയിൽ വ്യക്തമാക്കുന്നുണ്ട്.