തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ കെ.ആർ.അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത് ഇന്ന് ഉച്ചയോടെയാണ്. മന്ത്രിയുടെ സ്റ്റാഫ് അംഗവും കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖം രക്ഷിക്കൽ നടപടിയാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ, വീണ ജോർജ്ജ് ഈ വാദം തള്ളുകയും ചെയ്യുന്നു. നേരത്തെ തന്നെ അവിഷിത്തിനെ ഒഴിവാക്കിയിരുന്നു എന്നാണ് വാദം. അതേസമയം ഇന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ ഈ മാസം 15 മുതൽ മുൻകാല പ്രാബല്യം നൽകിയാണ് പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്ന്ത.

പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഒരു മാസം മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇക്കാര്യം മന്ത്രി നിഷേധിച്ചു. അവിഷിത്തിനെ ഒഴിവാക്കാൻ തീരുമാനിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് മന്ത്രി വിവാദമായപ്പോൾ പറയുന്നത്. അതേസമയം ജനാധിപത്യത്തിൽ ആർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടൂരിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിൽ മന്ത്രി പറഞ്ഞു. അവർ പ്രതിഷേധിക്കട്ടെ. വഴി തടയലിൽ ഭയക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിന് പങ്കുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് നേതാവ് ഐ.സി. ബാലകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിർദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വയനാട് ജില്ലാ സിപിം ജില്ലാ കമ്മറ്റിക്കെതിരെ കടുത്ത നടപടി വന്നേക്കും

അതേസമയം ദേശീയ തലത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആക്രമണ സംഭവത്തിൽ വയനാട് സിപിഎം നേതൃത്വത്തിനെതിരെ കടുത്ത നടപടി കൈക്കൊണ്ടേക്കും. ദേശീയ തലത്തിൽ തന്നെ പാർട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവത്തിൽ നടപടി ശക്തമാക്കണമെന്ന അഭിപ്രായമാണ് പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കുള്ളത്. എംപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുന്ന കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അറിയാതെ സംഘടിപ്പിച്ച ഇത്തരമൊരു മാർച്ചിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ എസ്.എഫ്.ഐ ജില്ല കമ്മിറ്റിക്കു പുറമെ സിപിഎം വയനാട് ജില്ല കമ്മിറ്റിയും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. പാർട്ടി ജില്ല നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്. ജില്ലയിലെ ഉന്നത ഡിവൈഎഫ്ഐ ഭാരവാഹികൾ മാർച്ചിന് അകമ്പടി സേവിച്ചിരുന്നു. എംപിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുന്ന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ അക്രമത്തെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, സമീപകാലത്ത് പാർട്ടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായ സംഭവത്തിൽ ജില്ല നേതൃത്വത്തിന്റെ ഭാഗത്ത് ഒട്ടും സൂക്ഷ്മതയുണ്ടായില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിപിഎം ജില്ല നേതൃത്വത്തിന്റെ അനുമതിയില്ലാതെ എസ്.എഫ്.ഐ ജില്ല പ്രസിഡന്റും സെക്രട്ടറിയും നൂറോളം പ്രവർത്തകരെ കൂട്ടി ഇത്തരമൊരു മാർച്ച് നയിക്കാനിടയില്ലെന്നാണ് സംസ്ഥാന നേതാക്കളിൽ മിക്കവരുടെയും വിലയിരുത്തൽ. അടുത്ത ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയാവും. ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയ സംഭവത്തിൽ ജില്ല നേതൃത്വത്തിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

സിപിഎമ്മിൽ പിണറായി പക്ഷത്തിന്റെ വിശ്വസ്തനാണ് നിലവിലെ ജില്ല സെക്രട്ടറി പി. ഗഗാറിൻ. കടുത്ത വി എസ് പക്ഷക്കാരനായിരുന്ന സി.കെ. ശശീന്ദ്രന്റെ നിയന്ത്രണത്തിൽ നിന്ന് ജില്ലയിൽ പാർട്ടിയുടെ നേതൃത്വം പിണറായി വിഭാഗം ഇക്കഴിഞ്ഞതിനു തൊട്ടുമുമ്പത്തെ ജില്ല സമ്മേളനത്തിൽ ആസൂത്രിതമായി പിടിച്ചടക്കുകയായിരുന്നു. സി.കെ. ശശീന്ദ്രന്റെ ചിറകരിയാനുള്ള നീക്കങ്ങൾ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ തന്ത്രപരമായി അരങ്ങേറിയപ്പോൾ ഔദ്യോഗിക പക്ഷത്തിന്റെ നോമിനിയായി അപ്രതീക്ഷിതമായാണ് ഗഗാറിൻ ജില്ല സെക്രട്ടറി പദത്തിലെത്തിയത്.