കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പൂട്ടാൻ വഴികൾ ആലോചിച്ചു തുടങ്ങിയിട്ടുണ്ട് സിപിഎം. ഇതിന്റെ ഭാഗമായി സുധാകരനെതിരെ കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചുള്ള ആരോപണത്തിന് പിന്നാലെ സുധാകരനെതിരെ വിജിലൻസിൽ പരാതി ലഭിച്ചിരിക്കയാണ്. മുൻ കോൺഗ്രസ് പ്രവർത്തകനും കെ.സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് സുധാകരനെതിരായി പരാതി നൽകിയത്. സിപിഎമ്മിന്റെ മൗനാനുവാദമാണ് പരാതിക്ക് പിന്നിലെന്ന് ഖാഷേപം ഉയർന്നട്ടുണ്ട്.

സുധാകരൻ അടുത്തിടെ നിർമ്മിച്ചത് ആഡംബര വസതിയാണെന്നും ഇത് സാമ്പത്തിക തട്ടിപ്പുകളും അവിഹിത മാർഗ്ഗങ്ങളിലൂടെയുമാണെന്നാാണ് ആക്ഷേപം. ധനസമ്പാദനവും അന്വേഷിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നേരത്തെ ഹൈദരബാദ് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സിപിഎം നേതാക്കളായ പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിർദ്ദേശമെന്ന് പ്രശാന്ത് ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പേരാവൂർ സംഭവത്തിന് ഒരു മറുപടി കൊടുക്കണ്ടേയെന്ന് കെ.സുധാകരനോട് ചോദിച്ചത് സി. എംപി നേതാവും കണ്ണൂർ ബാറിലെ അഭിഭാഷകനുമായ ടി.പി ഹരീന്ദ്രനാണ്. അതേ ഗൂഢാലോചനയിൽ താനും ടിപി ഹരീന്ദ്രനും കെ സുധാകരനും ഒന്നിച്ചിരിക്കുമ്പോഴാണ് സി.പി. എമ്മിന്റെ തെങ്കിലും ഒരു ഉന്നതനേതാവിനെ വധിക്കണമെന്ന നിർദ്ദേശമുണ്ടാകുന്നതെന്നും പ്രശാന്ത് ബാബു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.

ഇതെല്ലാം എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലിൽ പോകാൻ തയ്യാറാണെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേർത്തു. എന്നാൽ ആ കുറ്റകൃത്യങ്ങൾ ചെയ്യാൻ തനിക്ക് പ്രേരണ നൽകിയ കെ സുധാകരനും ജയിൽ പോകണമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി. എന്നാൽ പ്രശാന്ത് ബാബുവിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടെതില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

മട്ടന്നൂരിലെ ഒരു പരിപാടിക്ക് കൊണ്ടുപോയി ഭക്ഷണം കഴിക്കേണ്ട സ്ഥലത്തെത്തിയപ്പോൾ സി.പി. എം അക്രമികൾക്ക് അക്രമിക്കാൻ ഒത്താശ ചെയ്തുകൊടുത്തതിനാണ് തന്റെ ഡ്രൈവറായ ശാന്ത് ബാബുവിനെ പാർട്ടിയിൽ നിന്നും അകറ്റി നിർത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.