തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനും എതിരെയാണ് അന്വേഷണം. ഇക്കാര്യത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യം രേഖാമൂലം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമാണ് ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനുമെതിരെ കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞം കരാറിലൂടെ സർക്കാറിന്റെ സ്വത്ത് അദാനിക്ക് തീറെഴുതി കൊടുത്തു, സംസ്ഥാന താൽപ്പര്യം സംരക്ഷിച്ചില്ല എന്നു കാണിച്ചു പൊതു പ്രവർത്തകൻ എം കെ സലീമാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ചു കോടതി കുറ്റം ആരോപിക്കപ്പെട്ടവരുടെ പേരിൽ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇരുവർക്കുമെതിരെ വിജിലൻസ് കേസെടുത്തു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖനിർമ്മാണത്തിൽ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച സി എസ് രാമചന്ദ്രൻ അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ ചൂണ്ടിക്കാണിച്ചായിരുന്നു സലീമിന്റെ ഹർജി. കരാറിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും വിജിലൻസ് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അദാനിയുമായി ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാർ വലിയ സാമ്പത്തികനഷ്ടം വരുത്തിവച്ചതായി സിഎജി കണ്ടെത്തിയിരുന്നു. തുടർന്നാണ്, എൽഡിഎഫ് സർക്കാർ ഇവ പരിശോധിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. കരാറിലെ ചില വ്യവസ്ഥകൾ, ആസ്തി പണയംവയ്ക്കാൻ അദാനി ഗ്രൂപ്പിനെ അനുവദിക്കൽ, ടെർമിനേഷൻ പേമെന്റ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്തശേഷം പദ്ധതിയിൽ സുപ്രധാന മാറ്റംവരുത്തൽ തുടങ്ങിയവ സംസ്ഥാന താൽപ്പര്യത്തിന് വിഘാതമാണെന്നും കമീഷൻ കണ്ടെത്തി.

സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമാണ്. എംപവേർഡ് കമ്മിറ്റി ആദ്യം തള്ളിയ വ്യവസ്ഥ നിർബന്ധപൂർവം പിന്നീട് സമ്മതിപ്പിക്കുകയായിരുന്നുവെന്നും കമീഷൻ കണ്ടെത്തി. കരാർ കാലാവധി കഴിയുമ്പോൾ പോർട്ട് എസ്റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അവകാശവും നൽകുന്നതും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണ്.

40 വർഷ കരാർ അവസാനിക്കുമ്പോൾ അവസാനമാസം ലഭിച്ച റിയലൈസബിൾ ഫീയുടെ 30 മടങ്ങ് സംസ്ഥാന സർക്കാർ നൽകണമെന്നതാണ് 'ടെർമിനേഷൻ പേമെന്റ്' വ്യവസ്ഥ. 19,555 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം അന്വേഷിക്കാൻ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.