കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു പൊലീസിൽ കീഴടങ്ങിയേക്കും. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടെയാണ് വിജയ്ബാബു നാട്ടിലേക്ക് മടങ്ങൾ ശ്രമം നടത്തുന്നത്. പാസ്‌പോർട്ട് അടക്കം റദ്ദാക്കിയിട്ടുണ്ട്. നിർമ്മാതാവ് ദുബായിൽ മടങ്ങിയെത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലെത്തിക്കാൻ പൊലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ കൂടി പരിഗണിച്ചാണ് വിജയ് ബാബു നാട്ടിലേക്ക മടങ്ങാൻ ആലോചിക്കുന്നത്. അടുത്തയാഴ്‌ച്ച വിജയ് ബാബു കൊച്ചിയിൽ എത്തിയേക്കും. താരത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ബാഗമായി പൊലീസ് കോൺസലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയതിനു പിന്നാലെ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയയിലേക്ക് കടന്നിരുന്നു. പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്‌പോസ്റ്റുകൾക്കും പൊലീസ് വിവരങ്ങൾ കൈമാറിയിരുന്നു.

വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിലാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ഉദ്ദേശിച്ചത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

നാട്ടിലെ സ്വത്തുക്കളും ബിസിനസും കൈമോശം വരാതിരിക്കാൻ വേണ്ടി കൂടിയാണ് വിജയ് ബാബു കീഴടങ്ങൾ ആലോചിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നതിനു ടിക്കറ്റെടുത്തു ഹാജരാക്കിയാൽ മാത്രം മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോടു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാമേക്ഷ പരിഗണിക്കുമ്പോൾ താൻ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകാൻ തയാറാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.

വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം, വിജയ്ബാബു അന്വേഷണത്തിൽനിന്ന് ഒളിച്ചോടിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്. ഏപ്രിൽ 29-ന് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടർന്ന് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹർജിയിൽ പറയുന്നത്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നും ആരോപിക്കുന്നു. പൊലീസ് തന്റെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകന്നതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു കോടതി നിലപാടു തേടിയിരുന്നു.

കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.