തിരുവനന്തപുരം: സംസ്ഥാനത്ത് ബാർകോഴ കേസ് വീണ്ടു സജീവമാകുമ്പോൾ കേസിൽ വിജിലൻസ് ഡയറക്ടറായിരിക്കേ നടത്തിയ അന്വേഷണത്തെ കുറിച്ചു പരാമർശിച്ചു സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം പോൾ രംഗത്ത്. വിജിലൻസ് ഡയറക്ടറായിരിക്കെ ബാർ കോഴക്കേസിൽ തെളിവില്ലെന്ന തന്റെ നിലപാടിൽ നിന്ന് ഒരുപടി മുന്നോട്ടുപോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിയുന്ന വിൻസൻ എം പോൾ പ്രതികരിച്ചു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ മുന്മന്ത്രി കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.കെ എം മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ല.

ഇത് പക്ഷേ രാഷ്ട്രീയ വിവാദമായി മാറി. ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തി കഴിഞ്ഞപ്പോഴാണ് കെ എം മാണിക്കെതിരെ സാക്ഷിമൊഴിയോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ കോഴക്കേസിൽ കേസെടുക്കാനുള്ള തെളിവില്ലെന്ന് ഫയലിൽ കുറിച്ചതാണ് തന്നെ വിവരാവകാശ കമ്മിഷണറാക്കുമ്പോഴുള്ള വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പിന് കാരണം.

അഞ്ചു വർഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്റെ നിലപാടിൽ നിന്ന് ഒരു പടി കടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും വിൻസൻ എം പോൾ ചൂണ്ടിക്കാട്ടി.പോൾ മുത്തൂറ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയത്. ഇപ്പോഴും പൂർണമായി ലഭ്യമാകാത്ത മന്ത്രിസഭാ തീരുമാനങ്ങൾ പൗരന്റെ അവകാശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്നാഥ് ബെഹ്‌റ, നെതർലാൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി തുടങ്ങിയവരാണ് പുതിയ വിവരാവകാശ കമ്മിഷണർ പരിഗണനാ പട്ടികയിലുള്ളവർ. ബാർ കോഴക്കേസിലെ വിവാദം കത്തി നിൽക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പോടെയാണ് അഞ്ച് വർഷം മുമ്പ് വിൻസൺ എം പോൾ വിവരാവകാശ കമ്മിഷണർ ആകുന്നത്.

അതിനിടെ ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയത് വിവാദമാകുരയാണ്. ബാർ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.ചെന്നിത്തലയെ കൂടാതെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.എന്നാൽ ജനപ്രതിനിധികളായതിനാലും, ഇവർക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവർണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. അതിനാൽ അന്വേഷണത്തിന് സർക്കാർ ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടും.