കൊല്ലം: ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റതിന് പിന്നാലെ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി കിരൺകുമാർ പൊലീസിനു മൊഴി നൽകി. ഇതിന്റെ പേരിൽ പലതവണ തർക്കമുണ്ടായെന്നും വിസ്മയയെ മുൻപു മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോടു സമ്മതിച്ചു. എന്നാൽ മരിക്കുന്നതിന്റെ തലേന്നു മർദിച്ചിട്ടില്ല. ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോൾ നേരം പുലരട്ടെയെന്നു താൻ പറഞ്ഞു. തുടർന്നാണ് മരണമെന്നും കിരൺ മൊഴി നൽകി. വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല.

20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ കിരണിന്റെ കുടുംബത്തിനും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.മരണം കൊലപാതകമാണെന്ന ആരോപണത്തിലും ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്.

സംഭവത്തിൽ ഗാർഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ അംഗം ഷാഹിദ കമാൽ വിസ്മയയുടെ നിലമേലിലെ വീട് സന്ദർശിച്ചു. തെളിവുകൾ ലഭിച്ചാൽ കിരണിന്റെ മാതാപിതാക്കൾക്കും, സഹോദരിക്കുമെതിരെ ഗാർഹിക പീഡന നിരോധന വകുപ്പ് ചുമത്തുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.