തിരുവനന്തപുരം: ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പാർട്ടി ഒരു പൊതുപ്രവർത്തകനെതിരെ നടപടിയെടുക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! പക്ഷേ ഈ പ്രബുദ്ധ വിപ്ലവ കേരളത്തിൽ അതും സംഭവിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും തല മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് തന്റെ ജീവിതത്തിലെ ആദ്യത്തെ പാർട്ടി അച്ചടക്ക നടപടിയുണ്ടായത് ഇതിന്റെ പേരിലാണ്. അന്ന് സ്വാതന്ത്ര്യത്തെ സിപിഎം അംഗീകരിച്ചിരുന്നില്ല. ഇന്ന് അവർ നിലപാട് മാറ്റി. അന്ന് വിഎസിനോട് ചെയ്ത തെറ്റു കൂടി സിപിഎം തിരുത്തുമോ എന്നതാണ് 2021ൽ ഉയരുന്ന ചോദ്യം.

1962ലെ ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിഎസിനെ മറ്റ് നേതാക്കളെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ചൈനീസ് ചാരന്മാർ എന്നൊക്കെയായിരുന്നു അവർക്കെതിരെ ആരോപണം ഉയർന്നത്. ക്വിറ്റ് ഇന്ത്യാ സമരകാലം തൊട്ടുതന്നെ കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഒരു ആരോപണമാണ്, അവർക്ക് രാജ്യത്തോടല്ല, സാർവദേശീയ തലത്തിലാണ് കൂറ് ഉള്ളതെന്നത്. 1959 കേരളത്തിൽ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടിരുന്നതിന് ഒരു രഹസ്യകാരണമായി പറഞ്ഞതും കമ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള ആഭിമുഖ്യം ആയിരുന്നു.

ദേശ വിരുദ്ധതയെന്ന ആരോപണം മാറികിട്ടാൻ 1962ൽ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികർക്ക് രക്തം ദാനം ചെയ്യുക. ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുകയിൽ മിച്ചം വെച്ച തുക സർക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലുള്ള മറ്റ് പാർട്ടി നേതാക്കൾക്ക് പടിച്ചില്ല. ഇത് ജയിലിൽ പ്രവർത്തകർ തമ്മിലുള്ള ആശയ സംഘർഷത്തിലേക്ക് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനിൽക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോൾ, സാർവദേശീയ തൊഴിലാളി ദേശീയതയിൽ ഉറച്ചു നിൽക്കയായിരുന്നു മറ്റുള്ളവർ.

ജയിലിൽ കിടക്കുമ്പോൾ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വിഎസിനെ പലരും പിന്നീട പരിഹസിക്കയും ചെയ്തു. 1965 ൽ എല്ലാവരും ജയിൽ മോചിതരായപ്പോൾ വി.എസിനെതിരെ പാർട്ടിക്ക് പരാതി കിട്ടി. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിന് നടപടി വന്നു. പക്ഷേ എന്ത് നടപടിയാണ് വിഎസിന് നേരയുണ്ടായത് എന്നതിൽ ഇപ്പോഴും വ്യക്തയില്ല. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തിയെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം ശരിയല്ലെന്നും 1964ൽ പാർട്ടി പിളരുന്നതുവരെ അദ്ദേഹം കേന്ദ്രകമ്മറ്റി അംഗമായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറ്റുനേതാക്കൾ പറയുന്നത്. 1962 ൽ വി എസ് അച്യുതാനന്ദനും ജയിലിൽ പാർട്ടിയുടെ കൺവീനർ ആയി പ്രവർത്തിച്ചിരുന്ന ഒ ജെ ജോസെഫും തമ്മിലുണ്ടായ സംഘടനാ പരമായ തർക്കങ്ങളിൽ, പാർട്ടി രണ്ടാളെയും താക്കീത് ചെയ്തിരുന്നു എന്ന് പക്ഷേ പാർട്ടി ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നത്.

വലിപ്പച്ചെറുപ്പങ്ങൾ എന്തായാലും നടപടി ഉണ്ടായി എന്ന് വ്യക്തമാണ്. ഇന്ത്യൻ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന ഇന്ത്യയിലെ ഒരു ജനാധിപത്യ പാർട്ടിയിലെ ആദ്യ നേതാവായി വി എസ് മാറി! 1962ൽ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഐ പിന്നീടങ്ങോട്ട് പിളർന്നതിലും ദേശീയരാഷ്ട്രീയത്തിൽനിന്നടക്കം അപ്രസക്തമായതിനും പിന്നിൽ ചൈനീസ് വിധേയത്വം ഒരുഘടകമായിട്ടുണ്ടെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ളവർ നടത്തിയ പഠനങ്ങളിൽ എടുത്തു പറയുന്നുണ്ട്. വിഎസിന്റെ ദേശീയ രാഷ്ട്രീയം അംഗീകരിക്കാത്തതിന്റെ പ്രതിഫലനമാണ് ഇത്. അന്ന് വി എസ് ഉയർത്തിയ വാദങ്ങൾ അംഗീകരിച്ച് ദേശീയതയ്‌ക്കൊപ്പം നിന്നെങ്കിൽ രാജ്യത്തെ മുന്നണി രാഷ്ട്രീയ പാർട്ടിയായി കമ്മ്യൂണിസ്ര്‌റ് പ്രസ്ഥാനങ്ങൾ മാറിയേനേ.

ദേശീയമായ തൊഴിലാളി ഐക്യമാണോ സാർവദേശീയമായ തൊഴിലാളി ഐക്യമാണോ വേണ്ടത് എന്ന ചോദ്യത്തിൽ ഇഎംഎസിന്റെ നയത്തിനാണ് അഭിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയലടക്കം മുൻഗണകിട്ടിയത്. പിന്നീട് സിപിഐയായ ഒരു വിഭാഗം നേതാക്കൾ ചൈനയോട് മുട്ടാനായി കോൺഗ്രസിന് പിന്തുണ കൊടുക്കണം എന്ന അഭിപ്രായക്കാർ ആയിരുന്നു. എന്നാൽ ഇഎംഎസ് അടക്കമുള്ളവർ റഷ്യയോടും ചൈനയോടും തുല്യ സമീപനം എന്ന നിലപാട് എടുത്തു. ചൈനായുദ്ധത്തിൽ 'നാം നമ്മുടെതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമിയെന്ന ഇഎംഎസിന്റെ' പ്രസ്താവന വലിയ വിവാദം ആയിരുന്നു. അന്ന് ഇന്ത്യക്കൊപ്പം നിന്നു എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ അയിരുന്നെങ്കിൽ, അതായത് വി എസ് നടത്തിയതുപോലുള്ള ഒരു നീക്കം നടത്തിയിരുന്നെങ്കിൽ ആർക്കും ദേശ വിരുദ്ധർ ആണെന്ന് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാൻ കഴിയില്ലായിരുന്നു.

ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണെന്ന് പിന്നീട് വിലയിരുത്തലുകൾ ഉണ്ടായി. കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാർട്ടി. ഏ.കെ.ജി. ആയിരുന്നു പാർലമെന്റിലെ പ്രതിപക്ഷനേതാവ്. കോൺഗ്രസ്സ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇന്ത്യയിൽ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാൽ ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകൾ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇതെല്ലാം മാറ്റിയെടുക്കേണ്ടത് കാലത്തിന് അനിവാര്യമാണെന്ന് സിപിഎമ്മിലെ ഇപ്പോഴത്തെ തലമുറ തിരിച്ചറിയുന്നു. അങ്ങനെ എകെജി സെന്ററിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർന്നു.

വി എസ് ഇന്ന് 98 വയസ്സായ രാജ്യത്തെ ഏറ്റവും മുതിർന്ന സഖാവാണ്. സിപിഎമ്മിനെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിർത്താൻ രാജ്യ സ്‌നേഹം ഉയർത്തിപിടിച്ച നേതാവ്. സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അസുഖങ്ങൾ അദ്ദേഹത്തെ വീട്ടിൽ വിശ്രമ ജീവിതത്തിലാക്കുന്നു. എകെജി സെന്ററിൽ പതാക ഉയർത്താൻ ഈ നേതാവ് എത്തിയില്ലെന്നതും മറ്റൊരു ചരിത്രമായി ഇനി മാറും.