കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദം സംബന്ധിച്ച് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് ചർച്ചയ്ക്ക് എത്തുക. തിരുവനന്തപുരത്ത് വച്ചാണ് ചർച്ച.

ഈ മാസം 9ന് ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ സമസ്തയുമായി ചർച്ച നടത്തുന്നത്. അതേസമയം, പ്രതിഷേധം ഉയർത്തിയ ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെയൊന്നും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.

വഖഫ് വിഷയത്തിൽ നിലപാട് മാറ്റിയില്ലെന്ന് സമസ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാകേണ്ടെന്ന് കരുതിയാണെന്നും പി എസ് സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി സംബന്ധിച്ച് മന്ത്രി വി.അബ്ദുറഹ്‌മാൻ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വച്ചാണ് ചർച്ച നടന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും കൂടുതൽ ചർച്ചകൾ നടത്തി സമവായമുണ്ടാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ചർച്ചയിൽ ആവശ്യപെട്ടു.

ചർച്ചക്ക് സർക്കാർ തയ്യാറാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിക്കുകയും ചെയ്തിരുന്നു. പള്ളികളിൽ പ്രഖ്യാപിച്ച സമരപരിപാടികളിൽ നിന്ന് പിന്മാറിയതിന് സമസ്തയോട് മന്ത്രി നന്ദി അറിയിച്ചു. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.